പുതുച്ചേരി: പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ ക്രമാതീതമായി ഫീസ് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് വിവിധ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തമാകുന്നു. എ.എസ്.എ, എസ്.എഫ്.ഐ, എം.എസ്.എഫ്, എസ്.ഐ.ഒ, എ.പി.എസ്.എഫ്, എന്‍.എസ്.യു.ഐ, സ്റ്റുഡന്‍സ് കൗണ്‍സില്‍ എന്നിങ്ങനെ ആറോളം വിദ്യാര്‍ഥി രാഷ്ട്രീയ സംഘടനകളാണ് പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്.

പോയ വര്‍ഷത്തെ അപേക്ഷിച്ച് ശരാശരി 86 ശതമാനം ഫീസ് വര്‍ധനവാണ് സര്‍വകലാശാല നടപ്പിലാക്കിയിരിക്കുന്നത്. നിലവില്‍ രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളില്‍ ഏറ്റവും അധികം ഫീസ് ഈടാക്കുന്നത് പോണ്ടിച്ചേരി സര്‍വകലാശാലയാണ്. ഈ സാഹചര്യത്തില്‍ വീണ്ടും ഫീസ് വര്‍ധനവ് നടപ്പിലാക്കുന്നത് പിന്നാക്ക സാമൂഹിക-സാമ്പത്തിക വിഭാഗങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ഥികളെ സര്‍വ്വകലാശാലയില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിനു കാരണമാകുമെന്നും സമര സമിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തെ തന്നെ അട്ടിമറിക്കുന്ന നിലപാടാണ് നിലവില്‍ സര്‍വകലാശാല അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.

ഇതോടൊപ്പം തന്നെ പോണ്ടിച്ചേരി കേന്ദ്രഭണ പ്രദേശത്തെ എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല ഹോസ്റ്റലുകളില്‍ പ്രവേശനം അനുവദിക്കുക, 25% പ്രാദേശിക സംവരണം നടപ്പിലാക്കുക, സെമസ്റ്റര്‍ പരീക്ഷകളില്‍ പുറമേനിന്നുള്ള മൂല്യനിര്‍ണ്ണയം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളും സമര സമിതി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ട്.

PU Protest
ചിത്രം: മുഹമ്മദ് ജവാദ്‌

പ്രാരംഭഘട്ടമെന്ന നിലയില്‍ വലിയ വിദ്യാര്‍ഥി പങ്കാളിത്തത്തോടെ തിങ്കളാഴ്ച വൈകിട്ട് ക്യാമ്പസില്‍ മാര്‍ച്ച് സംഘടിപ്പിക്കുകയും തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ സര്‍വ്വകലാശാല അഡ്മിനിസ്‌ട്രേഷന്‍ വളഞ്ഞു കൊണ്ട് സമരത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് വിദ്യാര്‍ഥികള്‍ നീങ്ങുമെന്നും സമര സമിതി അറിയിച്ചു.

Content Highlights: Pondicherry University students protest against fee hike