കോഴിക്കോട്: പോളിടെക്നിക്കുകളിൽ പ്രിൻസിപ്പൽമാരായി നിയമിക്കാൻ സാങ്കേതിക വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയ സീനിയോറിറ്റി ലിസ്റ്റിൽ പകുതിയോളം പേർ അടിസ്ഥാനയോഗ്യതയില്ലാത്തവർ. എ.ഐ.സി.ടി.ഇ. മാനദണ്ഡപ്രകാരം പ്രിൻസിപ്പലാവാൻ എം.ടെക്. ബിരുദം വേണം. സീനിയോറിറ്റി ലിസ്റ്റിൽ, അംഗീകാരമില്ലാത്ത സർവകലാശാലയിൽനിന്ന് എം.ടെക്. നേടിയവരും ബി.ടെക്കുകാരും ഉൾപ്പെട്ടിട്ടുണ്ട്.

എ.ഐ.സി.ടി.ഇ. നിഷ്കർഷിക്കുന്ന യോഗ്യതയില്ലാത്തവരെ പ്രിൻസിപ്പൽമാരായി നിയമിക്കുന്നതിനെതിരേ ഹൈക്കോടതിയും അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലും ഉത്തരവ് ഇറക്കിയിട്ടുണ്ടെങ്കിലും ഇത് മറികടന്നാണ് പുതുക്കിയ സീനിയോറിറ്റി ലിസ്റ്റ് ഏപ്രിൽ 15-ന് പുറത്തിറക്കിയത്.

21 പോളിടെക്നിക്കുകളിലേക്ക് പുതിയ പ്രിൻസിപ്പൽമാരെ നിയമിക്കേണ്ടതുണ്ട്. 2014-ൽ എ.ഐ.സി.ടി.ഇ. ശുപാർശപ്രകാരമുള്ള ശമ്പളസ്കെയിൽ നടപ്പാക്കിയപ്പോൾ, ഈ തസ്തികകളിലേക്കുള്ള നിയമനത്തിന്റെ യോഗ്യതയിലും മാറ്റംവരുത്തി. 2014 വരെ ബി.ടെക്. യോഗ്യത മാത്രമുള്ളവരെ വകുപ്പ് മേധാവികളും പ്രിൻസിപ്പൽമാരുമായി നിയമിച്ചിരുന്നു. 2014-ൽ യോഗ്യത പുതുക്കി നിശ്ചയിച്ചപ്പോൾ പലരും വിവിധ സർവകലാശാലകളിൽനിന്ന് എം.ടെക്. ബിരുദം നേടി. വാരാന്ത്യ കോഴ്സിനു ചേർന്ന് എം.ടെക്. നേടിയവരും അംഗീകാരമില്ലാത്ത കോളേജുകളിൽചേർന്ന് എം.ടെക്. നേടിയവരും ഇതിലുണ്ട്. എം.ടെക്. കോഴ്സ് ചെയ്യാൻ കഴിയാതിരുന്ന ചിലരും ഇപ്പോൾ സീനിയോറിറ്റി ബലത്തിൽ ലിസ്റ്റിലുണ്ട്.

വാരാന്ത്യ എം.ടെക്. കോഴ്സിന് നേരത്തേ കേരള സർവകലാശാല തുല്യതാ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഇതിനെതിരേ ചിലർ കോടതിയെ സമീപിച്ചു.

തുടർന്ന് സർവകലാശാല വാരാന്ത്യ കോഴ്സുകളുടെ അംഗീകാരം റദ്ദാക്കിയതായി 2020 ജനുവരിയിൽ അറിയിച്ചിരുന്നു. ഇപ്പോൾ ഇതേ എം.ടെക്. സർട്ടിഫിക്കറ്റാണ് സീനിയോറിറ്റി ലിസ്റ്റിലുള്ള ചിലരുടെ യോഗ്യതയായി കാണിച്ചിട്ടുള്ളത്.

വിഷയം പരിശോധിക്കും

പോളിടെക്നിക് പ്രിൻസിപ്പൽ നിയമനത്തിനുള്ള സീനിയോറിറ്റി ലിസ്റ്റിൽ എ.ഐ.സി.ടി.ഇ. മാനദണ്ഡപ്രകാരം യോഗ്യതയില്ലാത്തവർ ഉൾപ്പെട്ടിട്ടുണ്ടെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പരിശോധിക്കും. പരാതി ലഭിച്ചിട്ടില്ല.

-ബൈജു ഭായ്, സാങ്കേതിക വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ

Content Highlights: Polytechnic Principal Appointment, People without recognised M.tech and B.tech holders are included in the list