തിരുവനന്തപുരം: അണ്‍ എയ്ഡഡ് മേഖലയില്‍ സ്വാശ്രയ കോളേജുകള്‍ക്ക് അനുമതി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. വിവിധ സര്‍വകലാശാലകള്‍ സ്വാശ്രയ മേഖലയില്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, ലോ കോളേജുകള്‍ അനുവദിക്കുന്നതിനുള്ള അപേക്ഷ സ്വീകരിച്ചുവരികയാണ്.

സര്‍ക്കാര്‍ തലത്തിലോ, ഇടതുമുന്നണി തലത്തിലോ നയപരമായ തീരുമാനം കൈക്കൊണ്ടിട്ടില്ലെങ്കിലും സര്‍ക്കാരിന്റെ വാക്കാലുള്ള അനുമതിയോടെയാണ് അപേക്ഷ സ്വീകരിക്കുന്നതെന്ന് അറിയുന്നു.

മുന്‍ സര്‍ക്കാര്‍ അണ്‍ എയ്ഡഡ് മേഖലയില്‍ കോളേജുകള്‍ അനുവദിക്കേണ്ടെന്ന് തീരുമാനിക്കുകയും അക്കാര്യം വ്യക്തമാക്കി 2017 ല്‍തന്നെ ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് നടപടിക്രമം പൂര്‍ത്തിയാക്കിയ ചില സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് കോടതി ഇടപെടലിനെത്തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

അണ്‍ എയ്ഡഡ് കോളേജുകള്‍ക്ക് സര്‍വകലാശാലാ അനുമതി ലഭിച്ചാല്‍ സര്‍ക്കാര്‍ അംഗീകാരം ആവശ്യമില്ലെന്ന് കോടതി വിധിയുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നയത്തിന് വിധേയമായേ സര്‍വകലാശാലകള്‍ സ്വാശ്രയ കോളേജുകള്‍ അനുവദിക്കാറുള്ളൂ.

വിവിധ ബോര്‍ഡുകളിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ മികച്ച വിജയമുള്ളതിനാല്‍ ബിരുദ കോഴ്‌സുകള്‍ക്ക് ആവശ്യക്കാരേറെ വരുമെന്നാണ് കണക്കാക്കുന്നത്. സമാന്തര വിദ്യാഭ്യാസത്തെ ആശ്രയിക്കേണ്ടവരുടെ എണ്ണം കൂടുമെന്നും വിലയിരുത്തുന്നുണ്ട്.

അനുകൂല നടപടികളുമായി സര്‍വകലാശാലകള്‍

കാലിക്കറ്റ് സര്‍വകലാശാലയില്‍ ലഭിച്ച 30 അപേക്ഷകളില്‍ സിന്‍ഡിക്കേറ്റ് തീരുമാനമെടുത്ത് ഉപസമിതി പരിശോധന നടത്തും. എം.ജി. സര്‍വകലാശാലയില്‍ ഓഗസ്റ്റ് 31വരെ അപേക്ഷ സ്വീകരിക്കും. നിലവില്‍ 20 കോളേജുകള്‍ക്ക് അപേക്ഷ ലഭിച്ചിട്ടുണ്ട്.

കണ്ണൂര്‍ സര്‍വകലാശാലയില്‍ സഹകരണ മേഖലയില്‍ മാത്രം കോളേജുകള്‍ അനുവദിച്ചാല്‍ മതിയെന്ന് വിജ്ഞാപനം ഇറക്കിയെങ്കിലും സര്‍വകലാശാലാ നിയമത്തിന് വിരുദ്ധമായതിനാല്‍ കോടതി അത് റദ്ദാക്കി. പുതിയ വിജ്ഞാപനമിറക്കി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

കേരള സര്‍വകലാശാലയില്‍ 20 കോളേജുകള്‍ക്കുള്ള അപേക്ഷ ലഭിച്ചു. ഇവിടെ പരിശോധന നടത്താന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിക്കാനും തീരുമാനമായി.

Content Highlights: Policy change in autonomous colleges, government to start new colleges