തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ വ്യാഴാഴ്ച തുറക്കാനിരിക്കേ കുട്ടികളുടെ സുരക്ഷയ്ക്കായി പോലീസ് മാർഗരേഖ പുറത്തിറക്കി.

പ്രധാന നിർദേശങ്ങൾ

 • ഗതാഗതനിയമലംഘനങ്ങൾക്ക്‌ പിഴയടയ്ക്കേണ്ടിവന്നവരെ സ്കൂൾ ബസുകളുടെ ഡ്രൈവറാക്കരുത്. സ്കൂൾബസിൽ ഒരു ടീച്ചറെങ്കിലും ഉണ്ടായിരിക്കണം. ചുമതലയില്ലാത്ത ആരും സ്കൂൾബസിൽ യാത്രചെയ്യരുത്. 
 • അഞ്ചാംക്ലാസിലോ അതിനുതാഴെയുള്ള ക്ലാസുകളിലോ പഠിക്കുന്ന കുട്ടികളെ സ്റ്റോപ്പിൽ ഇറക്കുമ്പോൾ രക്ഷാകർത്താക്കളോ അധികാരപ്പെടുത്തിയിട്ടുള്ള ആളോ ഉണ്ടെന്ന് ഉറപ്പാക്കണം. 
 • ഡ്രൈവറോടും കണ്ടക്ടറോടുമൊപ്പം കുട്ടി, പ്രത്യേകിച്ചും പെൺകുട്ടി തനിയെ കഴിയാനുള്ള സാഹചര്യമുണ്ടാകരുത്. ആദ്യം കയറുന്നതും അവസാനം ഇറങ്ങുന്നതും പെൺകുട്ടി ആകാത്ത തരത്തിലും കുട്ടികളെ വീടുകളുടെ സമീപത്ത് ഇറക്കുന്ന വിധത്തിലും റൂട്ട് ക്രമീകരിക്കണം. 
 • പ്ലംബർ, ഇലക്‌ട്രീഷ്യൻ, മരപ്പണിക്കാർ, മറ്റുതൊഴിലാളികൾ എന്നിവർ പ്രവൃത്തിസമയത്ത് സ്കൂളിൽ പ്രവേശിച്ചാൽ അധികൃതരുടെ മേൽനോട്ടം ഉണ്ടാകണം. 
 • സ്കൂൾജീവനക്കാരും താത്കാലിക ജീവനക്കാരും തിരിച്ചറിയൽകാർഡ് ധരിക്കണം. സ്കൂൾജീവനക്കാരന്റെ പേരിൽ പോക്സോ, ബാലനീതിനിയമം, അല്ലെങ്കിൽ മറ്റേതെങ്കിലും ലൈംഗികാതിക്രമം എന്നിവ ആരോപിക്കപ്പെട്ടാൽ സർവീസിൽനിന്ന്‌ മാറ്റിനിർത്തി നടപടിയെടുക്കണം. 
 • സ്കൂൾപരിസരത്ത് പ്രവേശിക്കുന്നവരുടെ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം. ഒരു പ്രധാനകവാടം മാത്രമേ ഉണ്ടാകാവൂ. സൈഡ് ഗേറ്റ് ഉണ്ടെങ്കിൽ കാവൽക്കാരെ നിർത്തണം.
 • മാതാപിതാക്കൾക്കും സന്ദർശകർക്കും സ്കൂൾ കോമ്പൗണ്ടിലെവിടെയും കടന്നുചെല്ലാവുന്ന തരത്തിൽ പ്രവേശനം അനുവദിക്കരുത്. 
 • സ്കൂളിന്റെ പ്രധാനഭാഗങ്ങൾ കിട്ടത്തക്കവിധം നിരീക്ഷണക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ 45 ദിവസമെങ്കിലും സൂക്ഷിക്കണം. 
 • ക്ലാസിൽ കുട്ടികളുടെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ മാതാപിതാക്കളെ അറിയിക്കണം. 
 • സ്കൂൾപരിസരത്തുള്ള ഇന്റർനെറ്റ് കഫേകൾ, സി.ഡി. വിൽപ്പന സ്ഥാപനങ്ങൾ എന്നിവയുടെ വിവരങ്ങൾ സൂക്ഷിക്കണം.
 • സ്കൂൾ ബസുകൾ മഞ്ഞനിറത്തിൽ പെയിന്റ് ചെയ്ത് ഇരുവശത്തും സ്കൂളിന്റെ പേരെഴുതുകയും വാടകവാഹനമാണെങ്കിൽ ‘On school duty’ എന്നുരേഖപ്പെടുത്തുകയും വേണം. വാഹനത്തിൽ വേഗനിയന്ത്രണസംവിധാനം ഘടിപ്പിക്കണം.

Content Highlights: Police issues guidelines for the safety of children