കോട്ടയം: ഇപ്പോള്‍ പ്ലസ്ടുവില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കിത് ഇരട്ടിപ്പഠനകാലം. രണ്ടാംവര്‍ഷത്തേത് പഠിക്കുന്നതിനൊപ്പം ആദ്യവര്‍ഷത്തെ ബാക്കിയായ സിലബസും പൂര്‍ത്തിയാക്കുകയാണ്.

സെപ്റ്റംബര്‍ ആദ്യവാരംമുതല്‍ പ്ലസ്‌വണ്‍ പരീക്ഷ പ്രഖ്യാപിച്ചിട്ടുമുണ്ട്. അതിന്റെ ക്ലാസുകളും ഇപ്പോള്‍ നടക്കുന്നു. പ്ലസ്‌വണ്‍, പ്ലസ്ടു ക്ലാസുകള്‍ ഒരുമിച്ച് കൊണ്ടുപോകേണ്ടിവരുന്നത് കുട്ടികളുടെ പഠനഭാരവും അധ്യാപകരുടെ ജോലിയും വര്‍ധിപ്പിക്കുന്നു.

മുന്‍വര്‍ഷം പ്ലസ്ടു പരീക്ഷയ്ക്ക് മുന്നോടിയായി, കുട്ടികള്‍ക്ക് 30 മുതല്‍ 40 ദിവസംവരെ അധ്യാപകരുടെ അടുത്തെത്തി ഓണ്‍ലൈന്‍ പാഠഭാഗങ്ങളുടെ സംശയനിവാരണത്തിനും പഠനപ്രവര്‍ത്തനത്തിനും അവസരമുണ്ടായിരുന്നു. അത് അവര്‍ക്ക് ആത്മവിശ്വാസവും പകര്‍ന്നു. നിശ്ചിതഭാഗം 'ഫോക്കസ് ഏരിയ' ആയി നല്‍കിയതും ഗുണകരമായി.

ആശങ്കകള്‍

* പ്ലസ്‌വണ്‍ പരീക്ഷയ്ക്ക് മുമ്പായി അധ്യാപകരുടെ അടുത്തെത്തി സംശയനിവാരണത്തിന് അവസരം ലഭിക്കുമോ?

* പ്ലസ്‌വണ്‍ പരീക്ഷയ്ക്ക് മുമ്പായി പൊതുപരീക്ഷയുടെ മാതൃകയില്‍ മോഡല്‍ പരീക്ഷ നടത്തുമോ? നാളുകളായി നോട്ടുബുക്കില്‍ എഴുതുന്നതുപോലും ഒഴിവാക്കിയ ഭൂരിഭാഗം കുട്ടികള്‍ക്കും എഴുത്തിലേക്ക് തിരിച്ചുവരുന്നതിന് മോഡല്‍ പരീക്ഷ കൂടിയേതീരൂ.

* ആകെമാര്‍ക്ക്, ലഭ്യമാകുന്ന ചോദ്യങ്ങളുടെ ആകെമാര്‍ക്ക്, ചോയ്‌സ് സംബന്ധമായ സാധ്യതകള്‍ ഇവയെല്ലാം പ്ലസ്ടു പരീക്ഷയുടെ മാതൃകയിലായിരിക്കുമോ.

* പ്ലസ്‌വണ്‍, പ്ലസ്ടു പാഠഭാഗങ്ങള്‍ ഒരുമിച്ച് കൊണ്ടുപോകുന്നതിന്റെ ആശയക്കുഴപ്പം പരിഹരിക്കണം. പ്ലസ്‌വണ്‍ പാഠഭാഗങ്ങളുടെ വിശകലനത്തിനായി പരീക്ഷയ്ക്കുമുമ്പായി നിശ്ചിതസമയം നീക്കിവെയ്ക്കണം.

Content Highlights: Plus two students under study pressure, confused about plus one exam