തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ്ടു ക്ലാസുകള്‍ ജൂണ്‍ രണ്ടാംവാരം തുടങ്ങും. മേയ് 31-ന് പ്ലസ്വണ്‍ ക്ലാസ് പൂര്‍ത്തിയായശേഷം ഒരാഴ്ച ഇടവേള നല്‍കി ക്ലാസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പ്ലസ് വണ്‍  പരീക്ഷയ്ക്കു പ്രാധാന്യം നല്‍കേണ്ട പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഫോക്കസ് ഏരിയ നിശ്ചയിക്കും.

ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകള്‍ ജൂണ്‍ ഒന്നിന് ഡിജിറ്റലായി ആരംഭിക്കും. പ്രവേശനോത്സവം ജൂണ്‍ ഒന്നിനു 10 മുതല്‍ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ ആശംസ നേരും. 11 മുതല്‍ സ്‌കൂള്‍തല പ്രവേശനോത്സവച്ചടങ്ങുകള്‍ വെര്‍ച്വലായി നടത്തും. വിക്ടേഴ്സിലെ ക്ലാസുകള്‍ക്കൊപ്പം സ്‌കൂളുകളില്‍ ക്ലാസ് തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനുള്ള പദ്ധതികള്‍ തയ്യാറാക്കിവരുകയാണ്. ഇതിന് പ്രത്യേക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആലോചിക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ബാബു പറഞ്ഞു.

മൂല്യനിര്‍ണയം

എസ്.എസ്.എല്‍.സി., ടി.എച്ച്.എസ്.എല്‍.സി. മൂല്യനിര്‍ണയം ഏഴിനു തുടങ്ങി 25-ന് പൂര്‍ത്തീകരിക്കും. ഇവയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഒന്നിന് തുടങ്ങി 19-ന് പൂര്‍ത്തിയാക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ 21 മുതല്‍ ജൂലായ് ഏഴുവരെ നടത്തും.

പ്ലസ് വണ്‍ പരീക്ഷ ഓണാവധിക്കുമുമ്പ്

ഓണാവധിയോടടുപ്പിച്ച് ജൂലായ് അവസാനമോ ഓഗസ്റ്റ് ആദ്യമോ പ്ലസ് വണ്‍ പരീക്ഷ നടത്തും. തുടര്‍നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസവകുപ്പിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയത്തിന് നിശ്ചയിച്ച അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍നിന്നും ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Plus two classes to start from june second week, plus one exam before onam vacation