ഹരിപ്പാട്: പ്ലസ്വണിന് ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷ കാണാനും തിരുത്താനുമുള്ള സൗകര്യം തിങ്കളാഴ്ചമുതല്‍ ലഭ്യമാക്കും.

ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ അഡ്മിഷന്‍ വെബ് സൈറ്റില്‍ (http://www.hscap.kerala.gov.in/) view your application എന്ന ലിങ്ക് വഴി ഈ സൗകര്യം ഉപയോഗിക്കാം. ഇതില്‍ അപേക്ഷാ നമ്പറും ജനനതീയതിയും നല്‍കിയാല്‍ വിവരങ്ങള്‍ കാണാം. അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ പിശകുണ്ടായവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് തിരുത്തല്‍ വരുത്താന്‍ അനുവാദമില്ല. അപേക്ഷയുടെ പ്രിന്റ് ഹാജരാക്കുന്ന സ്‌കൂളിലെ പ്രിന്‍സിപ്പലിന് അപേക്ഷ നല്‍കിയാല്‍ മതി.

വിദ്യാര്‍ഥിയും രക്ഷിതാവും ഒപ്പിട്ടുവേണം തിരുത്തല്‍ അപേക്ഷ നല്‍കേണ്ടത്. അപേക്ഷയില്‍ നിലവില്‍ ചേര്‍ത്തിരിക്കുന്ന വിവരവും തിരുത്തേണ്ട വിവരവും കൃത്യമായി രേഖപ്പെടുത്തണം.

വിദ്യാര്‍ഥിയുടെ ജനനതീയതി, യോഗ്യതാ പരീക്ഷയുടെ സ്‌കീം (ഉദാ. എസ്.എസ്.എല്‍.സി., സി.ബി.എസ്.ഇ.), വിജയിച്ച വര്‍ഷം എന്നീ വിവരങ്ങള്‍ തിരുത്താന്‍ കഴിയില്ല. അപേക്ഷകന്റെ പേര്, വിലാസം, അധിക യോഗ്യതകള്‍ തുടങ്ങിയവയെല്ലാം തിരുത്താം.

ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് തിങ്കളാഴ്ച മുതല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സ്വീകരിച്ചുതുടങ്ങും. വിദ്യാര്‍ഥി താമസിക്കുന്ന ജില്ലയിലെ ഏതെങ്കിലും ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഹാജരാക്കേണ്ടത്.

അപേക്ഷയില്‍ പറയുന്ന യോഗ്യതകളുടെ പകര്‍പ്പും വേണം. ഓണ്‍ലൈനായി സമര്‍പ്പിച്ചു കഴിഞ്ഞവര്‍ക്ക് ട്രയല്‍ അലോട്ട്‌മെന്റ് വരെ അപേക്ഷയിലെ വിവരങ്ങള്‍ പരിശോധിക്കാം. അതുവരെ തിരുത്തലുകള്‍ വരുത്താനും സൗകര്യമുണ്ടാകും. മേയ് 25-നാണ് ട്രയല്‍ അലോട്ട്‌മെന്റ്.