ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകളുടെ കാര്യം വിപുലമായ കൂടിയാലോചനയ്ക്കുശേഷമേ കേന്ദ്രം തീരുമാനിക്കൂ. കഴിഞ്ഞദിവസം സംസ്ഥാന വിദ്യാഭ്യാസമന്ത്രിമാരുമായും ബോര്‍ഡ് അധ്യക്ഷന്മാരുമായും നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്ന അഭിപ്രായങ്ങളും വീണ്ടും ഉന്നതതലത്തില്‍ നടത്തുന്ന കൂടിയാലോചനയ്ക്കും ശേഷമേ അന്തിമതീരുമാനം കൈക്കൊള്ളൂ. ജൂണ്‍ ഒന്നോടെ തീരുമാനമെടുക്കണമെന്നാണ് പൊതുവിലുണ്ടായ ധാരണ.

ജൂലായ് 15-നും ഓഗസ്റ്റ് 26-നുമിടയില്‍ ഏതാനും വിഷയങ്ങളില്‍ മാത്രം പരീക്ഷ നടത്തി സെപ്റ്റംബറില്‍ ഫലം പ്രസിദ്ധീകരിക്കാമെന്ന നിര്‍ദേശം സി.ബി.എസ്.ഇ. മുന്നോട്ടുവെച്ചിട്ടുണ്ട്. ജൂലായ് 15 മുതല്‍ ഓഗസ്റ്റ് ഒന്നുവരെ ആദ്യഘട്ടത്തിലും ഓഗസ്റ്റ് എട്ടുമുതല്‍ 26 വരെ രണ്ടാംഘട്ടത്തിലും പരീക്ഷകള്‍ നടത്താം.

വിദ്യാര്‍ഥികള്‍ എന്റോള്‍ ചെയ്ത സ്‌കൂളുകളില്‍വെച്ചുതന്നെ പരീക്ഷ നടത്തുക, ഒബ്ജക്ടീവ് മാതൃകയിലും ചെറിയ ഉത്തരങ്ങള്‍ നല്‍കുന്ന വിധത്തിലും ചോദ്യപ്പേപ്പറുകള്‍ തയ്യാറാക്കി പരീക്ഷാസമയം ഒന്നരമണിക്കൂറായി ചുരുക്കുക, ഈ ഘട്ടത്തില്‍ പരീക്ഷയെഴുതാന്‍ പറ്റാത്തവര്‍ക്ക് പിന്നീട് ഒരവസരം നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനം പലയിടത്തും പലതരത്തിലായതിനാല്‍ പരീക്ഷ നടത്തുന്നതിനോട് സംസ്ഥാനങ്ങള്‍ക്കിടയില്‍ പൊതുയോജിപ്പുണ്ടായിട്ടില്ല. ഈ പശ്ചാത്തലത്തില്‍ വീണ്ടുമൊരു കൂടിയാലോചന നടന്നേക്കും. പ്രധാനമന്ത്രിയുടെ ഇടപെടലും ഇക്കാര്യത്തില്‍ ഉണ്ടാവുമെന്നാണ് സൂചന.