plus oneഹരിപ്പാട്: പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന അലോട്ട്‌മെന്റ് ആഗസ്ത് നാലിന് പ്രസിദ്ധപ്പെടുത്തും. അന്നും അടുത്ത ദിവസവുമായി പ്രവേശനം നേടാം. തുടർന്ന് ഒഴിവ്  വരുന്ന സീറ്റുകളിലേക്ക് സ്കൂൾതലത്തിൽ സ്പോട്ട് അഡ്മിഷനാണ്. 10ന് പ്രവേശനനടപടികൾ അവസാനിപ്പിക്കും. 

സംസ്ഥാനത്ത് ഇനിയും ഒഴിവുള്ളത് 50,822 പ്ലസ് വൺ സീറ്റുകളാണ്. ഇതിൽ 8795 എണ്ണം ഏകജാലകം വഴിയുള്ള മെരിറ്റ് സീറ്റുകളാണ്. മാനേജ്‌മെന്റ് ക്വാട്ടയിലെ 8248 സീറ്റുകളും കമ്മ്യൂണിറ്റി മെരിറ്റിലെ 3188 സീറ്റുകളും ഒഴിവുണ്ട്. അൺ എയ്‌ഡഡ് വിഭാഗത്തിൽ  ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ 30,591.

അവസാന സപ്ലിമെന്ററി അലോട്ട്‌മെന്റിന് ആഗസ്ത് ഒന്നിന് അപേക്ഷിക്കാം. ഇതുവരെയും പ്രവേശനം ലഭിക്കാത്തവർ ഇതിനായി പുതുക്കൽ അപേക്ഷ നൽകണം. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പ്രവേശനം ലഭിച്ചവർക്ക് വെള്ളിയാഴ്ച വൈകുന്നേരം മൂന്നുവരെ സ്കൂളും വിഷയവും മാറാനുള്ള അപേക്ഷ നൽകാം.

നിലവിൽ പ്രവേശനം ലഭിച്ച സ്കൂളിലെ പ്രിൻസിപ്പലിനാണ് അപേക്ഷ നൽകേണ്ടത്. ആഗസ്ത് ഒന്നിനാണ് ഇതിന്റെയും ഫലം പ്രസിദ്ധീകരിക്കുന്നത്. പ്ലസ്‌വൺ പ്രവേശനത്തിനായി ഇത്തവണ 5,01,180 പേരാണ് അപേക്ഷിച്ചിരുന്നത്. മെരിറ്റ്, മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി, അൺ എയ്‌ഡഡ് വിഭാഗങ്ങളിലായി ആകെയുണ്ടായിരുന്ന സീറ്റുകൾ 4,26,766 മാത്രവും.

അപേക്ഷകർക്കെല്ലാം പ്രവേശനം ലഭിക്കുമോയെന്ന് ആദ്യഘട്ടത്തിൽ ആശങ്കയുണ്ടായിരുന്നു. എന്നാൽ, ഇതുവരെ പ്രവേശനം നേടിയിട്ടുള്ളത് 3,75,944 അപേക്ഷകരാണ്. അവസാന അലോട്ട്‌മെന്റിനുശേഷം സീറ്റുകൾ ഒഴിവുള്ള സ്കൂളുകൾ കേന്ദ്രീകരിച്ചാണ് സ്പോട്ട്  അഡ്മിഷൻ നടത്തുന്നത്.

ഒഴിവുകൾ ഹയർ സെക്കൻഡറി വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. നേരത്തെ ഓൺലൈനിൽ അപേക്ഷ നൽകിയവരിൽ ഒരിടത്തും പ്രവേശനം ലഭിക്കാത്തവർക്ക് മാത്രമാണ് സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ അർഹതയുണ്ടാവുക.

പ്രിൻസിപ്പൽ നിർദ്ദേശിക്കുന്ന സമയത്ത് ഹാജരാകുന്നവരിൽനിന്ന്‌ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാണ് പ്രവേശനം നൽകുക. ആഗസ്ത് എട്ട്, ഒമ്പത് തീയതികളിലായിരിക്കും  സ്പോട്ട് അഡ്മിഷൻ നടത്തുന്നത്.