തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് ബുധനാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അപേക്ഷ സമര്‍പ്പിക്കാന്‍ എല്ലാ സ്‌കൂളുകളിലും ഹെല്‍പ് ഡസ്‌കുകള്‍ ഉണ്ടാകും. അക്ഷയകേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യമുണ്ടാകും.

റവന്യൂ ജില്ലാടിസ്ഥാനത്തിലാണ് അപേക്ഷ നല്‍കേണ്ടത്. ഒന്നിലധികം റവന്യൂ ജില്ലകളില്‍ പ്രവേശനം തേടുന്നുണ്ടെങ്കില്‍ ഓരോ ജില്ലയ്ക്കും പ്രത്യേകം അപേക്ഷിക്കണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചശേഷം അതിന്റെ പ്രിന്റൗട്ട് കോപ്പി രേഖകള്‍ സഹിതം ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം.

ഏകജാലക പ്രവേശനത്തിനുള്ള വെബ്‌പോര്‍ട്ടല്‍ www.hscap.kerala.gov.in എന്നതാണ്. ഫീസായ 25 രൂപ അപേക്ഷയുടെ പ്രിന്റൗട്ട് സമര്‍പ്പിക്കുന്നതിനൊപ്പം സ്‌കൂളില്‍ അടച്ചാല്‍ മതിയാകും. അപേക്ഷിക്കുന്ന ജില്ലയില്‍ നേരിട്ട് പ്രിന്റൗട്ട് സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ ഡി.ഡി.യായി ഫീസ് അടയ്ക്കണം.

പഠിക്കാനാഗ്രഹിക്കുന്ന ഒരു സ്‌കൂളും ഒരു വിഷയ കോമ്പിനേഷനും ചേരുന്നതാണ് ഒരു ഓപ്ഷന്‍. താത്പര്യം നോക്കി മുന്‍ഗണനാടിസ്ഥാനത്തില്‍ വേണം ഓപ്ഷന്‍ നല്‍കാന്‍. പ്രവേശനസാധ്യത മനസ്സിലാക്കാന്‍ മുന്‍വര്‍ഷത്തെ അവസാന റാങ്ക് വിവരങ്ങളും സൈറ്റിലുണ്ടാകും.
 
അപേക്ഷയിലെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പരിശോധിക്കാം. തിരുത്തല്‍ ആവശ്യമെങ്കില്‍ അപേക്ഷ നല്‍കിയ സ്‌കൂളിലെ പ്രിന്‍സിപ്പലിനെ നിശ്ചിതസമയത്തിനുള്ളില്‍ അറിയിക്കണം. സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനവും ഓണ്‍ലൈനായാണ് നടത്തുക.

സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകളിലെ 10-ാം ക്ലാസ് ഫലം വരുന്ന മുറക്ക് അവര്‍ക്കും പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ക്രമീകരണം ചെയ്യും. സയന്‍സ് ഗ്രൂപ്പില്‍ ഒമ്പത് സബ്ജക്ട് കോമ്പിനേഷനുകളും ഹ്യുമാനിറ്റീസിന് 32 സബ്ജക്ട് കോമ്പിനേഷനുകളും കൊമേഴ്‌സിന് നാല് സബ്ജക്ട് കോമ്പിനേഷനുകളും ആണ് പ്ലസ് വണ്‍ പഠനത്തിനുള്ളത്.

ഓര്‍മിക്കാന്‍

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - മേയ് 18, ട്രയല്‍ അലോട്ട്‌മെന്റ് - മേയ് 25, ആദ്യ അലോട്ട്‌മെന്റ് - മേയ് ജൂണ്‍ ഒന്ന്, രണ്ടാം അലോട്ട്‌മെന്റ് - ജൂണ്‍ 11, ക്ലാസ് തുടങ്ങുന്നത് - ജൂണ്‍ 13

സീറ്റുകളുടെ സ്ഥിതി

സര്‍ക്കാര്‍ മെറിറ്റ് - 1,64,016, എയ്ഡഡ് മെറിറ്റ് - 1,21,448, സര്‍ക്കാര്‍ സ്‌പോര്‍ട്‌സ് ക്വാട്ട - 5124, എയ്ഡഡ് സ്‌പോര്‍ട്‌സ് ക്വാട്ട - 4312, മാനേജ്‌മെന്റ് - 46512, കമ്മ്യൂണിറ്റി - 25848, അണ്‍ എയ്ഡഡ് - 55593, ആകെ സീറ്റ് - 4,22,853