studentഹരിപ്പാട്: കുട്ടികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കി പതിവുപോലെ പ്ലസ് വണ്‍ സീറ്റ് അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങി. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവര്‍ക്ക് ഇഷ്ടപ്പെട്ട സ്‌കൂളും വിഷയവും ഏകദേശം ഉറപ്പാണ്. എന്നാല്‍, ഏഴും എട്ടും എ പ്ലസ്സുമായി അപേക്ഷിച്ചവരില്‍ ഭൂരിപക്ഷത്തിനും ആദ്യ അലോട്ട്‌മെന്റില്‍ പ്രവേശനം കിട്ടുമോയെന്ന് വ്യക്തമല്ല.

ട്രയല്‍ അലോട്ട്‌മെന്റില്‍ ഉള്‍പ്പെടാത്ത ഇത്തരക്കാര്‍ കടുത്ത ആശങ്കയിലാണ്. സ്‌കൂള്‍ മാറ്റത്തിനുളള അപേക്ഷ നല്കി ഭാഗ്യപരീക്ഷണം നടത്തുകയാണിവര്‍. എന്നാല്‍, അപേക്ഷിച്ചവര്‍ക്കെല്ലാം പ്ലസ് വണ്‍ പ്രവേശനത്തിന് സൗകര്യമുണ്ടാകുമെന്നുമാണ് ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നത്. ട്രയല്‍ അലോട്ട്‌മെന്റിലും ആദ്യ അലോട്ട്‌മെന്റിലും ഉള്‍പ്പെടാത്തവര്‍ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകള്‍ക്കായി കാത്തിരിക്കണമെന്നാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ അറിയിപ്പ്. കഴിഞ്ഞ അധ്യയന വര്‍ഷം സംസ്ഥാനത്ത് 28,418 പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടന്നിരുന്നു. ഇതില്‍ 6,450 എണ്ണം ഏകജാലകം വഴിയുള്ള മെരിറ്റ് സീറ്റുകളായിരുന്നു.

ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കുന്നതിലൂടെ ഓപ്ഷന്‍ കൊടുത്ത സ്‌കൂളുകളിലെ തങ്ങളുടെ റാങ്ക് നിലയും ആ സ്‌കൂളില്‍ അലോട്ട്‌മെന്റ് ലഭിച്ച ഏറ്റവും താഴത്തെ റാങ്കും അറിയാം. ഒരു സ്‌കൂളില്‍ അപേക്ഷിച്ച എല്ലാ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിയാണ് റാങ്ക് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതിനാല്‍ റാങ്ക് നിലയില്‍ ഏറെ താഴെയാണെങ്കിലും അപേക്ഷിച്ച സ്‌കൂളില്‍ പ്രവേശനം കിട്ടില്ലെന്ന നിഗമനത്തില്‍ എത്താന്‍ പാടില്ലെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ അറിയിപ്പില്‍ പറയുന്നു.

ട്രയല്‍ അലോട്ട്‌മെന്റ് റിസള്‍ട്ട് ചൊവ്വാഴ്ച നാല് വരെ ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ വെബ് സൈറ്റില്‍ കാണാം. ഈ സമയം വരെ തിരുത്തലിനുള്ള അപേക്ഷകളും സ്വീകരിക്കും. അപേക്ഷ നല്കിയപ്പോഴുണ്ടായ പിഴകള്‍ തിരുത്താനും ഈ അവസരം ഉപയോഗപ്പെടുത്താം. ജാതി, താമസിക്കുന്ന സ്ഥലം, താലൂക്ക് എന്നിവയില്‍ ഏതെങ്കിലും തരത്തിലെ തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ തിരുത്തണം.

ഒന്നിലധികം പേര്‍ക്ക് ഒരേ റാങ്ക് മാര്‍ക്ക് വന്നാല്‍ ടൈബ്രേക്കര്‍ നടത്തും. കലാകായിക മേളകള്‍, സ്‌കൂള്‍ ക്ലബ്ബുകളിലെ പങ്കാളിത്തം തുടങ്ങിവയാണ് ടൈബ്രേക്കറിന് പരിഗണിക്കുക. അതിനാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളുടെ സര്‍ട്ടിഫിക്കറ്റുള്ളവര്‍ അതും അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. സര്‍ട്ടിഫിക്കറ്റില്ലാതെ ഇങ്ങനെയുള്ള കാര്യങ്ങള്‍ അവകാശപ്പെട്ടവര്‍ തിരുത്തുകയും വേണം. അപേക്ഷയില്‍ ഉള്‍പ്പെടുത്തിയവയുടെയെല്ലാം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പ്രവേശന സമയത്ത് ഹാജരാക്കണം. അതിന് കഴിയാതെ വന്നാല്‍ അലോട്ട്‌മെന്റ് റദ്ദാക്കും.

അപേക്ഷകരുടെ എണ്ണവും അലോട്ട്‌മെന്റ് ലഭിച്ചവരും


ഹരിപ്പാട്: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചവരില്‍ പകുതിപ്പേര്‍പോലും ട്രയല്‍ അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ടിട്ടില്ല. എല്ലാ ജില്ലയിലും ഇതേ സ്ഥിതിയാണ്. സീറ്റെണ്ണത്തിലും അപേക്ഷകരിലും മുന്നില്‍ നില്ക്കുന്ന മലപ്പുറം ജില്ലയിലാണ് ഏറ്റവും അധികം വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റിന് പുറത്ത് നില്ക്കുന്നത്.

ഓരോ ജില്ലയിലും അപേക്ഷിച്ചവരുടെയും ട്രയല്‍ അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ടവരുടെയും എണ്ണം ഇങ്ങനെയാണ്. തിരുവനന്തപുരം- ആകെ 40,478 (ട്രയല്‍ അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ടവര്‍- 17,938), കൊല്ലം- 37,367 (15,531), പത്തനംതിട്ട- 17,191(8,270), ആലപ്പുഴ- 31,090 (13,026), കോട്ടയം- 27,367 (11,478), ഇടുക്കി- 15,211( 6,574), എറണാകുളം 43,350 (17,230), തൃശ്ശൂര്‍ 43,391 (18,076), പാലക്കാട് - 44,015 (16,926), കോഴിക്കോട് - 50,341 (18,668), മലപ്പുറം - 79,200 (26,970), വയനാട് - 12,144 (5,679), കണ്ണൂര്‍ - 38,214 (16,181), കാസര്‍കോട്- 19,038 (8,824).