കോഴിക്കോട്: 'ഞങ്ങള്‍ സ്‌കൂളിന്റെ പടിപോലും കണ്ടിട്ടില്ല. ഫീസടയ്ക്കാനും യൂണിഫോം വാങ്ങാനും മാത്രമാണ് സ്‌കൂളില്‍ പോയത്. ഓണ്‍ലൈന്‍ ക്ലാസ് ഒന്നും മനസ്സിലാവുന്നില്ല സാര്‍...'

ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷയെഴുതാനൊരുങ്ങുന്ന ഒരു വിദ്യാര്‍ഥിയുടെ വാക്കുകളാണിത്.

സംശയം തീര്‍ക്കാന്‍പോലും സ്‌കൂളിലെത്താന്‍ അവസരമില്ലാതെ പൊതുപരീക്ഷയെഴുതേണ്ടിവരുന്നതിന്റെ വേവലാതിയിലാണ് അവര്‍. പഠനം മാത്രമല്ല, മോഡല്‍ പരീക്ഷയും ഓണ്‍ലൈനിലാണ് ഇക്കുറി.

പൊതുപരീക്ഷയെ നേരിടാന്‍ സഹായകമല്ല ഓണ്‍ലൈന്‍ മോഡല്‍ പരീക്ഷയെന്ന് അധ്യാപകസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

ചില വിഷയങ്ങള്‍ക്ക് ഓണ്‍ലൈനില്‍ പോലും വേണ്ടത്ര ക്ലാസ് കിട്ടിയിട്ടില്ല. സൈക്കോളജി, ജേര്‍ണലിസം, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, ജിയോളജി, സ്റ്റാറ്റിസ്സ്റ്റിക്‌സ്, ആന്ത്രപ്പോളജി, സോഷ്യല്‍ വര്‍ക്ക്, അറബിക്, സംസ്‌കൃതം, ഉറുദു, തമിഴ്, കന്നട തുടങ്ങിയ വിഷയങ്ങളിലാണ് മതിയായ രീതിയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ കിട്ടാത്തത്.

മുപ്പത് ശതമാനത്തോളം വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ പഠനത്തിന് പുറത്താണെന്ന പ്രശ്‌നവുമുണ്ട്. ആദിവാസി, തീരദേശ പിന്നാക്ക മേഖലകളിലാണ് ഇത്തരം കുട്ടികളില്‍ കൂടുതല്‍. മിക്ക മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും കുട്ടികള്‍ അവരുടെ വീടുകളിലാണുള്ളത്. അവിടെ ഓണ്‍ലൈന്‍ ക്ലാസ് കിട്ടാനുള്ള സാഹചര്യമില്ലാത്തവരാണ് ഏറെയും.

മാരത്തോണ്‍ മോഡല്‍ പരീക്ഷ

തുടര്‍ച്ചയായ അഞ്ചുദിവസങ്ങളില്‍ മാരത്തോണ്‍ ശൈലിയിലാണ് മോഡല്‍പരീക്ഷ. നാലുദിവസവും രാവിലെയും ഉച്ചയ്ക്കും പരീക്ഷകളുണ്ട്. ചോദ്യക്കടലാസ് ഡൗണ്‍ലോഡ് ചെയ്ത് വീട്ടില്‍ രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ പരീക്ഷ നടത്താനാണ് നിര്‍ദേശം.

ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ നാലുവരെയാണ് ഇപ്രകാരം പരീക്ഷ നടത്തുന്നത്. ആറിനാണ് പൊതുപരീക്ഷ തുടങ്ങുക. മോഡല്‍ പരീക്ഷ നടക്കുന്ന ദിവസങ്ങളില്‍ വേണം വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തി ഹാള്‍ടിക്കറ്റ് വാങ്ങാന്‍.

പ്രവേശനമോ, പരീക്ഷയോ?

13-ന് പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റാണ്. അതേദിവസം പരീക്ഷയുമുണ്ട്. അന്ന് പരീക്ഷ നടത്തിയാല്‍ പ്രവേശനനടപടികള്‍ എങ്ങനെ നടത്തുമെന്ന ചോദ്യമുയര്‍ന്നിട്ടുണ്ട്.

പരീക്ഷാച്ചുമതലയുമായി അധ്യാപകരെല്ലാം മറ്റ് സ്‌കൂളുകളിലായിരിക്കും. പരീക്ഷയാണോ, പ്രവേശനമാണോ നടത്തേണ്ടതെന്ന ആശയക്കുഴപ്പം തുടരുകയാണ്. പ്രവേശനം നീട്ടിവെക്കുമെന്ന പ്രതീക്ഷയിലാണ് പ്രിന്‍സിപ്പല്‍മാര്‍.

Content Highlights: Plus one exams to begin, students under pressure, online class