കൊച്ചി: പ്ലസ് വണ്‍ മോഡല്‍ പരീക്ഷയ്ക്കു പിന്നാലെ ഇടവേളയില്ലാതെ ഒന്നാം വര്‍ഷ പരീക്ഷ വരുന്നതിന്റെ ആശങ്കയ്ക്കിടയില്‍ മൂല്യനിര്‍ണയത്തിലും അവ്യക്തത. മാര്‍ച്ചിലെ പ്ലസ് ടു പരീക്ഷയിലേതു പോലെ ഇരട്ടി ചോദ്യങ്ങള്‍ ഉണ്ടെങ്കിലും അതത് വിഷയത്തിന്റെ പരമാവധി മാര്‍ക്കിനുള്ള ഉത്തരങ്ങളേ പരിഗണിക്കൂ എന്നാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പറയുന്നത്.

അതായത് ഒരു വിഷയത്തിന് ഒരു മാര്‍ക്കിന്റെ 10 ചോദ്യങ്ങളില്‍നിന്ന് ഇഷ്ടമുള്ള 5 എണ്ണം എഴുതാന്‍ പറഞ്ഞാല്‍ വിദ്യാര്‍ത്ഥിക്ക് വേണമെങ്കില്‍ 10ഉം എഴുതാം. 10 ഉം ശരിയായാലും 5 മാര്‍ക്കേ പരമാവധി നല്‍കൂ. മാര്‍ച്ചിലെ പരീക്ഷയ്ക്ക് 10 മാര്‍ക്കും നല്‍കുമായിരുന്നു. ഈ വ്യത്യാസം അധ്യാപകര്‍ക്കിടയില്‍ ഇപ്പോഴും അവ്യക്തയുണ്ടാക്കുന്നുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സര്‍ക്കുലറില്‍ മാര്‍ക്കടിസ്ഥാനത്തില്‍ ചോദ്യം തിരഞ്ഞെടുത്ത് എഴുതാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഉദാഹരണത്തിന് 4 മാര്‍ക്കിന്റെ 8 ചോദ്യങ്ങളില്‍ നിന്ന് 4 എണ്ണം എഴുതണം. ഇതിനു പരമാവധി ലഭിക്കുന്നത് 16 മാര്‍ക്കാണ്. വിദ്യാര്‍ത്ഥി ഇതില്‍ എട്ടെണ്ണവും എഴുതിയാല്‍ എങ്ങനെ മൂല്യനിര്‍ണയം നടത്തുമെന്നതില്‍ അവ്യക്തതയുണ്ട്. ഏറ്റവും നന്നായി എഴുതിയ നാലെണ്ണം തിരഞ്ഞെടുത്ത് അതിനു മാര്‍ക്ക് നല്‍കുമെന്നാണ് ഒരു വിഭാഗം പറയുന്നത്. ഇതില്‍ ഓരോന്നിനും 3 മാര്‍ക്കു വീതമാണ് വിദ്യാര്‍ത്ഥിക്കു ലഭിക്കുന്നതെങ്കില്‍ പുതിയ നിര്‍ദേശപ്രകാരം പരമാവധി 12 മാര്‍ക്കാകും ലഭിക്കുന്നത്. എന്നാല്‍ മറ്റു ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കൂടി നോക്കി 16 മാര്‍ക്കില്‍ കൂടാതെ നല്‍കുന്നതാണ് ശരിയെന്നാണ് ഒരു വിഭാഗം അദ്ധ്യാപകര്‍ പറയുന്നത്. സര്‍ക്കുലര്‍ ഇങ്ങനെ രണ്ടു രീതിയില്‍ വ്യാഖ്യാനിക്കുന്നതാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ വ്യക്തമായ നിര്‍ദേശം നല്‍കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്.

ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെയാണ് മോഡല്‍ പരീക്ഷ. ഇത് വീട്ടിലിരുന്ന് ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ് ചെയ്തുവേണം കുട്ടികള്‍ എഴുതാന്‍. നെറ്റ് കണക്ഷനില്ലാത്ത സ്ഥലങ്ങളില്‍ ഇത് എത്രമാത്രം പ്രായോഗികമാകുമെന്ന ആശങ്കയുമുണ്ട്. തിങ്കളാഴ്ച മുതല്‍ ആദ്യവര്‍ഷ പരീക്ഷകളും തുടങ്ങും. ഈ സാഹചര്യത്തില്‍ മോഡല്‍ പരീക്ഷയുടെ മൂല്യനിര്‍ണയം നടക്കാനിടയില്ല. അതിനാല്‍ത്തന്നെ ഒരു പരീക്ഷ വെറുതെ എഴുതുന്നതില്‍ അര്‍ത്ഥമുണ്ടോയെന്നാണ് രക്ഷിതാക്കള്‍ ചോദിക്കുന്നത്. അതേസമയം പരീക്ഷാ മാതൃക പരിചയപ്പെടുത്തുകയാണ് മോഡലിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.

Content Highlights: Plus one exam on consecutive days students under tension