ഒരു ദിവസംപോലും സ്‌കൂളിലെത്താതെ പരീക്ഷയെഴുതേണ്ടിവരുമോ എന്ന ആശങ്കയിലാണ് സംസ്ഥാനത്തെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍. ഒരു പരിശീലനവും ലഭിക്കാതെ എങ്ങനെ പരീക്ഷയെഴുതുമെന്നാണ് അവരുടെ ചോദ്യം. പരീക്ഷ ഒഴിവാക്കണമെന്നാണ് ആവശ്യം.

വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസുകളില്‍ തങ്ങള്‍ക്ക് ഒരു പ്രാധാന്യവും ലഭിച്ചിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. പ്ലസ്ടു, എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കായിരുന്നു അതില്‍ മുന്‍ഗണന. അതുകൊണ്ട് തങ്ങള്‍ക്ക് വേണ്ടത്ര ക്ലാസുകള്‍ ലഭിച്ചിട്ടില്ല. ക്ലാസനുഭവവും പരീക്ഷാപരിചയവുമില്ലാതെ പൊതുപരീക്ഷയെ നേരിടാനാവില്ലെന്നാണ് കുട്ടികള്‍ പറയുന്നത്.

പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ഇക്കാര്യത്തിലുള്ള ആശങ്കകള്‍ പങ്കുവെക്കാന്‍ ജസ്റ്റിസ് ഫോര്‍ പ്ലസ് വണ്‍ സ്റ്റുഡന്റ്സ് എന്ന പേരില്‍ സംസ്ഥാനതലത്തില്‍ വാട്സാപ്പ് ഗ്രൂപ്പും ഉണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പൊതുവിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്കും മറ്റും ഇ-മെയില്‍ വഴി പരാതികളയച്ച് തങ്ങളുടെ പ്രശ്‌നം ശ്രദ്ധയില്‍ പെടുത്തുകയാണിവര്‍.

വിക്ടേഴ്സ് ചാനലില്‍ നവംബര്‍ ആദ്യമാണ് പ്ലസ്​വണ്‍ ക്ലാസുകള്‍ തുടങ്ങിയതുതന്നെ. ഓടിച്ചുതീര്‍ക്കുന്ന രീതിയിലാണ് ക്ലാസുകള്‍ കൈകാര്യം ചെയ്തത്. ശാസ്ത്രവിഷയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഇത് ഏറെ പ്രയാസകരമായിരുന്നു.

സ്‌കൂളുകളില്‍നിന്നുള്ള ക്ലാസുകളും മിക്ക വിദ്യാര്‍ഥികള്‍ക്കും ലഭിച്ചിട്ടില്ല. വിക്ടേഴ്സില്‍ ക്ലാസ് കണ്ട വിദ്യാര്‍ഥികള്‍ക്ക് സംശയനിവാരണം നടത്തുകയാണ് സ്‌കൂള്‍തലത്തില്‍ ചെയ്യേണ്ടത് എന്നായിരുന്നു നിര്‍ദേശം. അതനുസരിച്ചുള്ള ശ്രദ്ധയും മാര്‍ഗനിര്‍ദേശവും മിക്ക വിദ്യാലയങ്ങളിലും ഇവര്‍ക്ക് ലഭിച്ചില്ല. പ്ലസ്ടു വിദ്യാര്‍ഥികളെ പരീക്ഷയ്‌ക്കൊരുക്കലിനാണ് സ്‌കൂളുകളില്‍ മുന്‍ഗണന ലഭിച്ചത്. ഏതാനും സ്‌കൂളുകള്‍ പ്ലസ്​വണ്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കി. അത്തരത്തില്‍ നിര്‍ദേശമില്ലാതിരുന്നതിനാല്‍ മിക്ക സ്‌കൂളുകളും അതു ചെയ്തതുമില്ല.

എപ്പോഴാണ് പ്ലസ് വണ്‍  പരീക്ഷ നടത്തുക എന്ന് തീരുമാനിച്ചിട്ടില്ല. രണ്ടാംവര്‍ഷ ക്ലാസുകള്‍ തുടങ്ങിക്കഴിഞ്ഞാണ് പരീക്ഷയെങ്കില്‍ നന്നായി എഴുതാനാവില്ലെന്ന ഭയവുമുണ്ട്. ഈ സാഹചര്യത്തിലാണ് പരീക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും മറ്റും സന്ദേശങ്ങളയച്ചത്

Content Highlights: Plus one board exams