തിരുവനന്തപുരം: പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ സ്വീകരണം 24നു തുടങ്ങിയേക്കും. സെപ്റ്റംബര്‍ മൂന്നുവരെ അപേക്ഷ നല്‍കാം. പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസ് ചൊവ്വാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അതോടെയാകും അപേക്ഷാ സമര്‍പ്പണത്തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുക.

തിങ്കളാഴ്ച മുതല്‍ അപേക്ഷ സ്വീകരിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സംവരണം സംബന്ധിച്ച മാറ്റങ്ങള്‍ പ്രോസ്‌പെക്ടസില്‍ വരുത്തേണ്ടതിനാലാണ് തീയതി നീട്ടിയത്. പിന്നാക്ക/ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടാത്ത മാനേജ്‌മെന്റുകള്‍ക്കു കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളില്‍ മാനേജ്‌മെന്റ് ക്വാട്ടാ സീറ്റുകള്‍ 20 ശതമാനമാക്കിയും കമ്യൂണിറ്റി ക്വാട്ട പത്തുശതമാനമാക്കിയും പ്രോസ്‌പെക്ടസ് ഭേദഗതിചെയ്യും.

അപേക്ഷാ സമര്‍പ്പണത്തിന് വിദ്യാര്‍ഥികളെ സഹായിക്കാന്‍ സ്‌കൂളുകളില്‍ ഹെല്‍പ് ഡെസ്‌കുകളും സ്ഥാപിക്കും. ഇതിനായി ഓണാവധിക്കുശേഷം അധ്യാപകരെ നിയോഗിക്കും. 

Content Highlights: Plus one application process will start from August 24