കോഴിക്കോട് : ജില്ലയില്‍ എസ്.എസ്.എല്‍.സി. വിജയികള്‍ 43,678. പ്ലസ് വണ്‍ സീറ്റുകള്‍ 40,202. വിജയികള്‍ക്കെല്ലാം ആഗ്രഹിക്കുന്ന വിഷയങ്ങളില്‍ പ്ലസ് വണ്‍ പ്രവേശനം കിട്ടില്ലെന്നുറപ്പ്. സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷാഫലം വരുന്നതോടെ പ്ലസ് വണ്‍ അപേക്ഷകരുടെ എണ്ണം ഇതിലും കൂടും. ഹയര്‍സെക്കന്‍ഡറി പ്രവേശന നടപടികളൊന്നും തുടങ്ങിയിട്ടില്ലെങ്കിലും വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. കോവിഡ് പടരുന്നതിനിടയിലെ പ്രവേശനം എങ്ങനെയാവുമെന്ന കാര്യത്തില്‍ അധ്യാപകര്‍ക്കും ആശങ്കയുണ്ട്.

ജില്ലയില്‍ 179 സ്‌കൂളുകളിലായി 40,202 പ്ലസ് വണ്‍ സീറ്റുകളാണുള്ളത്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും സീറ്റുകളുണ്ട്. ഇതിനുപുറമെ ഐ.ടി.ഐ.കളില്‍ 13,000-ത്തോളം സീറ്റുകളുമുണ്ട്. സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷാഫലം വന്നശേഷമേ പ്ലസ് വണ്‍ പ്രവേശനനടപടികള്‍ തുടങ്ങൂ. എല്ലാവര്‍ഷവും ഓണ്‍ലൈനില്‍ ഏകജാലക സമ്പ്രദായത്തിലാണ് പ്രവേശനം നടത്താറെങ്കിലും ഏതെങ്കിലും സ്‌കൂളില്‍ അപേക്ഷാഫോറം പൂരിപ്പിച്ചു നല്‍കാന്‍ കുട്ടികള്‍ എത്തേണ്ടതുണ്ട്. അധ്യാപകര്‍ പരിശോധിച്ച് തെറ്റുകളില്ലെന്നുറപ്പാക്കിയശേഷമേ അപേക്ഷാസമര്‍പ്പണം പൂര്‍ത്തിയാവൂ.

കോവിഡ് രോഗവ്യാപനമുള്ളപ്പോള്‍ അപേക്ഷാഫോറം വാങ്ങാനും അത് സമര്‍പ്പിക്കാനും കുട്ടികള്‍ സ്‌കൂളുകളിലെത്തുന്നത് ഒഴിവാക്കണമെന്നാണ് രക്ഷിതാക്കളും അധ്യാപകരും നിര്‍ദേശിക്കുന്നത്.
കേരള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ ഇക്കാര്യത്തില്‍ ചില നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അപേക്ഷാ ഫോറത്തിന്റെ പണവും ഓണ്‍ലൈനായിത്തന്നെ സ്വീകരിക്കുക, ഒപ്പം സമര്‍പ്പിക്കേണ്ട രേഖകളും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യുക, വിവരങ്ങള്‍ തെറ്റാതിരിക്കാന്‍ സമ്പൂര്‍ണ സോഫ്റ്റ്വേറുമായി ബന്ധിപ്പിക്കുക, തിരുത്തലുകള്‍ക്ക് ഒന്നോ രണ്ടോ അവസരം നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രിന്‍സിപ്പല്‍മാരുടെ സംഘടന മുന്നോട്ടുവെച്ചത്.

താത്കാലിക പ്രവേശനത്തിന് വിദ്യാര്‍ഥി എത്തേണ്ടതില്ലെന്നും പി.ടി.എ. ഫണ്ടും മറ്റും അവസാനം പ്രവേശനം നടത്തുന്ന സ്‌കൂളില്‍മാത്രം അടച്ചാല്‍ മതിയെന്നുമുള്ള നിര്‍ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്. എസ്.എസ്.എല്‍.സി. മാര്‍ക്ക് ലിസ്റ്റ് എപ്പോള്‍ വരുമെന്നതിനെക്കുറിച്ച് ഒരറിയിപ്പും ഇതുവരെ ഉണ്ടായിട്ടില്ല. സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥിതന്നെ സ്‌കൂളില്‍വന്ന് ഒപ്പിട്ടുവാങ്ങേണ്ടതായതിനാല്‍ കോവിഡ് ക്രമീകരണങ്ങള്‍ക്കനുസരിച്ചുമാത്രമേ അതിന്റെ വിതരണമുണ്ടാകൂ. മാര്‍ക്ക് ഓണ്‍ലൈനായി ലഭ്യമായതിനാല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കിലും പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ പ്രയാസമുണ്ടാവില്ല.
 
Content Highlights: Plus One admissions under trouble amid COVID 19 pandemic