തിരുവനന്തപുരം: പ്ലസ് വണ്ണിന് വിവിധ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് പ്രസിദ്ധപ്പെടുത്തിയ ഒഴിവുകളില്‍ പ്രവേശനത്തിന് വ്യാഴാഴ്ച അപേക്ഷിക്കാം. പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് പുതുതായി അപേക്ഷിക്കാനാവില്ല.

വിവിധ ക്വാട്ടകളില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ക്കും അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടാത്തവര്‍ക്കും അപേക്ഷിക്കാനാകില്ല. നിലവിലുള്ള ഒഴിവുകള്‍ പ്രവേശന വെബ്സൈറ്റായ www.hscap.kerala.gov.in-ല്‍ വ്യാഴാഴ്ച രാവിലെ ഒന്പതിന് പ്രസിദ്ധീകരിക്കും.

പ്രവേശനത്തിന് ആഗ്രഹിക്കുന്നവര്‍ 'കാന്‍ഡിഡേറ്റ് ലോഗിനിലെ അപ്ലൈ ഫോര്‍ വേക്കന്റ് സീറ്റ്സ്' എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. ഒഴിവുകള്‍ക്ക് അനുസൃതമായി എത്ര സ്‌കൂള്‍, കോഴ്സുകള്‍ വേണമെങ്കിലും ഓപ്ഷനായി ഉള്‍പ്പെടുത്താം. 12-ന് വൈകുന്നേരം അഞ്ചുവരെ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിച്ച് മെറിറ്റടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രവേശന വെബ്സൈറ്റില്‍ 13-ന് രാവിലെ ഒന്പതിന് പ്രസിദ്ധീകരിക്കും.

പ്രവേശനത്തിന് ആഗ്രഹിക്കുന്നവര്‍ 13-ന് രാവിലെ 10 മുതല്‍ 12 വരെ രേഖകള്‍ സഹിതം സ്‌കൂളുകളിലെത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Content Highlights: Plus one Admission, Students can apply to vacant merit seats