ഹരിപ്പാട്: പ്ലസ്‌വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം പ്രസിദ്ധപ്പെടുത്തും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇതുപ്രകാരം സ്കൂളിൽ ചേരാം. വ്യാഴാഴ്ച ഈ വർഷത്തെ പ്ലസ്‌വൺ ക്ലാസുകൾ തുടങ്ങും.

1,72,422 സീറ്റുകളിലേക്കാണ് രണ്ടാം അലോട്ട്‌മെന്റ്. ഇതിൽ ആദ്യ അലോട്ട്‌മെന്റിൽ താത്കാലിക പ്രവേശനം നേടിയ 92,406 പേരും പുതുതായി അലോട്ട്‌മെന്റ് ലഭിക്കുന്ന 80,016 പേരും ഉൾപ്പെടും.

പ്ലസ്‌വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റിൽ 2,38,033 അപേക്ഷകർ ഉൾപ്പെട്ടിരുന്നു. ഇവരിൽ 1,17,107 പേർ ഫീസടച്ച് സ്ഥിരം പ്രവേശനം നേടി. അലോട്ട്‌മെന്റ് ലഭിച്ചിട്ടും സ്കൂളിൽ ചേരാത്തത് 28,520 കുട്ടികളാണ്. ആദ്യ അലോട്ട്‌മെന്റ് കഴിഞ്ഞപ്പോൾ സംവരണവിഭാഗങ്ങളിൽ ഉൾപ്പെടെ 51,496 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു.

രണ്ടാം അലോട്ട്‌മെന്റോടെ പ്ലസ്‌വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടം പൂർത്തിയാകും. അലോട്ട്‌മെന്റിൽ ഉൾപ്പെടുന്നവർ നിർബന്ധമായും ഫീസടച്ച് ചേരണം. താത്കാലിക പ്രവേശനത്തിന് അവസരമുണ്ടാകില്ല. ആവശ്യമെങ്കിൽ പിന്നീട് സ്കൂളും വിഷയവും മാറാം. സീറ്റുകളുടെ ലഭ്യത അനുസരിച്ചാണിത്.

രണ്ടാം അലോട്ട്‌മെന്റ് വഴിയുള്ള പ്രവേശനം പൂർത്തിയായശേഷം ഓരോ സ്കൂളിലും ഒഴിവുള്ള സീറ്റുകളുടെ എണ്ണം ഹയർ സെക്കൻഡറി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. ഇതുനോക്കി അപേക്ഷിക്കാം.

പ്രവേശനം ലഭിച്ചവർക്ക് സ്കൂളും വിഷയവും മാറാനുള്ള അവസരം നൽകിയശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ ക്ഷണിക്കും. നേരത്തേ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷ പുതുക്കണം. ഇതുവരെ അപേക്ഷിക്കാത്തവർക്കും ഓൺലൈൻ അപേക്ഷയിൽ പിശകുണ്ടായവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷ സമർപ്പിക്കാം.

രണ്ടാം അലോട്ട്‌മെന്റിനായി ഏറ്റവും അധികം സീറ്റുകൾ ഒഴിവുള്ളത് മലപ്പുറം ജില്ലയിലാണ്- 11042.

മറ്റ് ജില്ലകളിലെ സീറ്റൊഴിവിന്റെ കണക്ക്:

തിരുവനന്തപുരം-5465

കൊല്ലം-5407

പത്തനംതിട്ട-3959

ആലപ്പുഴ-5207

കോട്ടയം-5315

ഇടുക്കി-3295

എറണാകുളം-6552

തൃശ്ശൂർ-6645

പാലക്കാട്-6207

കോഴിക്കോട്-7464

വയനാട്-1957

കണ്ണൂർ-7709

കാസർകോട്-3792.