തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പട്ടിക  20ന് രാവിലെ പ്രസിദ്ധീകരിക്കും. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം 20 മുതൽ 22 വരെ നടക്കും.അലോട്ട്‌മെന്റ് വിവരങ്ങൾ www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികളെല്ലാം നിർബന്ധമായി അലോട്ട്‌മെന്റ് ലഭിക്കുന്ന സ്കൂളിൽ 22ന് വൈകീട്ട്‌ 5 മണിക്ക് മുൻപ്‌ പ്രവേശനം നേടണം.

അലോട്ട്‌മെന്റ് ലഭിച്ചിട്ടും താത്‌കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. ആദ്യ അലോട്ട്‌മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താത്‌കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം.

താത്‌കാലിക പ്രവേശനത്തിന് ഫീസ് അടയ്ക്കേണ്ടതില്ല താത്‌കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തിരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും ചെയ്യാം. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്കൂളിലാണ് നൽകേണ്ടത്. 

ആദ്യ അലോട്ട്‌മെന്റിൽ ഇടം നേടാത്തവർ അടുത്ത അലോട്ട്‌മെന്റുകൾക്കായി കാത്തിരിക്കുക. വിദ്യാർഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികളെല്ലാം നിശ്ചിത സമയത്തിനുള്ളിൽ സ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണമെന്നും ഹയർ സെക്കൻഡറി ഡയറക്ടർ അറിയിച്ചു. 

സ്പോർട്‌സ് ക്വാട്ട രണ്ടാം സ്പെഷൽ അലോട്ട്‌മെന്റ് റിസൾട്ട്‌ 21ന് രാവിലെ പ്രസിദ്ധീകരിക്കും. അഡ്മിഷൻ ജൂൺ 21നും 22നും ആയിരിക്കും. വെബ്‌സൈറ്റിൽ അലോട്ട്‌മെന്റ് റിസൾട്ടിനോടൊപ്പം പ്രസിദ്ധീകരിക്കുന്ന നിർദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന്‌ പ്രൻസിപ്പൽമാരോട്‌  ഹയർ സെക്കൻഡറി ഡയറക്ടർ നിർദ്ദേശിച്ചു.