studentതിരുവനന്തപുരം: ഗ്രേസ് മാർക്കും ബോണസ് പോയിന്റും നൽകുന്നതിലെ അശാസ്ത്രീയത പ്ലസ് വൺ പ്രവേശനത്തിൽ മെറിറ്റിനെ പിന്തള്ളുന്നു. ഈ വർഷം 76,642 പേർക്കാണ് എസ്.എസ്.എൽ.സി. ക്ക് വിവിധ വിഭാഗങ്ങളിലായി ഗ്രേസ് മാർക്ക് ലഭിച്ചത്. ഇങ്ങനെ മാർക്ക് ലഭിച്ചവർക്ക് പ്ലസ് വൺ പ്രവേശനത്തിനുള്ള ഇൻഡക്സ് മാർക്ക് തയ്യാറാക്കുമ്പോൾ വീണ്ടും അതേയിനത്തിൽ മുൻതൂക്കം ലഭിക്കും. 

ചിലയിനങ്ങളിൽ ഗ്രേസ് മാർക്കിന് പുറമെ പ്ലസ് വൺ പ്രവേശനത്തിനുള്ള വെയ്റ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് തയ്യാറാക്കുമ്പോൾ ബോണസ് പോയിന്റും ലഭിക്കും. ചുരുക്കത്തിൽ ഒരിനത്തിലെ മികവിന് രണ്ട് പ്രാവശ്യം മുൻതൂക്കം ലഭിക്കുന്നു. പ്രവേശനത്തിന് ഏറെ തിരക്കുള്ള സ്കൂളുകളിൽ ഒരേ മാർക്ക് വരുന്ന കുട്ടികൾ നിരവധിയാണ്. പാഠ്യേതര ഇനങ്ങളിലെ മികവ് ആവർത്തിച്ച് പരിഗണിക്കപ്പെടുമ്പോൾ മെറിറ്റിൽ പ്രവേശനം ലഭിക്കേണ്ടവർ പിന്തള്ളപ്പെടുന്നു. 

ഗ്രേസ് മാർക്ക് നൽകുന്ന രീതി പരിഷ്‌കരിക്കണമെന്ന് ദീർഘനാളായി ആവശ്യം ഉയരുന്നുണ്ട്. സംസ്ഥാന സ്കൂൾ, അറബിക്, സംസ്‌കൃത കലോത്സവങ്ങൾ, ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി. മേളകൾ, സ്കൗട്‌സ് ആൻഡ് ഗൈഡ്‌സ്, ജൂണിയർ റെഡ് ക്രോസ്, ബാലശാസ്ത്ര കോൺഗ്രസ്, എൻ.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സർഗോത്സവം എന്നീ വിഭാഗങ്ങളിലെ മികവിനാണ് ഗ്രേസ് മാർക്ക് നൽകുന്നത്. 

ഗ്രേഡ് നിശ്ചയിക്കാൻ ഗ്രേസ് മാർക്കും കൂടി കണക്കാക്കും. പല കുട്ടികൾക്കും ഈ മാർക്കുകൂടി ലഭ്യമാകുമ്പോഴാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുന്നത്. പാഠത്തിന് പുറത്തുള്ള ഇത്തരം പ്രവർത്തനങ്ങളെ പഠനപ്രവർത്തനങ്ങളായിക്കണ്ടാണ് ഗ്രേസ് മാർക്ക് നൽകുന്നത്. 18 മുതൽ 30 മാർക്ക് വരെയാണ് നൽകുക. 

എല്ലാ വിഷയങ്ങൾക്കും ലഭിച്ച ഗ്രേഡുകൾക്ക് പോയിന്റ് നൽകി ശരാശരി കണക്കാക്കുമ്പോഴാണ് ബോണസ് പോയിന്റ് കണക്കിലെടുക്കുക. കൃത്യനിർവഹണത്തിനിടയിൽ മരിച്ച ജവാൻമാരുടെ മക്കൾ -അഞ്ച്, ജവാൻമാരുടെയും എക്സ് സർവീസുകാരുടെയും മക്കൾ -മൂന്ന്, എൻ.സി.സി., സ്കൗട്‌സ്‌ ആൻഡ് ഗൈഡ്‌സ്‌, നീന്തൽ അറിവുള്ളവർ -രണ്ട് എന്നിങ്ങനെ ബോണസ് പോയിന്റ് ലഭിക്കും.

അതേ സ്കൂൾ, തദ്ദേശസ്ഥാപനം, താലൂക്ക്, കേരള സിലബസ് എന്നിവയ്ക്കും ഗ്രേഡ് പോയിന്റുണ്ട്. ഈ ഘട്ടത്തിലും തുല്യമാർക്ക് വരുന്നവർക്ക് ആദ്യം വിഷയങ്ങൾക്ക് ലഭിച്ച മാർക്കും തുടർന്ന് യുവജനോത്സവവും മേളകളുമടക്കമുള്ളവയിൽ പങ്കെടുത്തതിന്റെ ഗ്രേഡും കണക്കാക്കും. 

സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസ് പഠിച്ചവർ ധാരാളമായി പ്ലസ് വണ്ണിന് കേരള സിലബസിലേക്ക് മാറുന്നുണ്ട്. എല്ലാ വിഷയങ്ങൾക്കും എ പ്ലസും എ വണ്ണും കിട്ടിയവർക്കുപോലും ഉദ്ദേശിക്കുന്ന സ്കൂളുകളിൽ റാങ്ക് പട്ടികയിൽ വരുന്നില്ലെന്ന പരാതിയുണ്ട്. ഗ്രേസ് മാർക്കിന്റെ ബലമുള്ളവർ മുന്നിൽക്കയറി സീറ്റ് പിടിക്കുന്നത് നോക്കിനിൽക്കാനേ തങ്ങൾക്ക് പറ്റൂവെന്നാണ്  ഇവരുടെ പരാതി.