കൊച്ചി: ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ച 1.61 ലക്ഷം വിദ്യാർത്ഥികൾക്ക് സീറ്റ് ലഭിക്കില്ല. ഏകജാലകം വഴി 5,18,410 വിദ്യാർഥികളാണ് പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷ നൽകിയിട്ടുള്ളത്.സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗങ്ങളിലായി 7,151 ബാച്ചുകളിൽ 3,56,730 സീറ്റുകളാണ്‌ ആകെയുള്ളത്.

ഇതനുസരിച്ച് അപേക്ഷ നൽകി കാത്തിരിക്കുന്ന 1,61,680 വിദ്യാർഥികൾക്ക്‌ സീറ്റ് ലഭിക്കാൻ സാധ്യതയില്ല. സർക്കാർ കൂടുതൽ സീറ്റ് അനുവദിച്ചില്ലെങ്കിൽ ഇവർ പ്ലസ് വൺ പഠനത്തിനായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മറ്റും ആശ്രയിക്കേണ്ടതായി വരും.

ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 4,57,654 വിദ്യാർത്ഥികളാണ് ആദ്യ ചാൻസിൽ  ഉപരിപഠന യോഗ്യത നേടിയത്. സേ പരീക്ഷാ ഫലം പുറത്ത് വന്നപ്പോൾ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. യോഗ്യത നേടിയവരിൽ 4,53,582 പേരും ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുണ്ട്. സി.ബി.എസ്.ഇ. സിലബസിൽ വിജയിച്ച 49,029 വിദ്യാർഥികളും ഐ.സി.എസ്.ഇ. പരീക്ഷ വിജയിച്ച 3700 വിദ്യാർഥികളും മറ്റ്‌ തത്തുല്യ യോഗ്യത നേടിയ 12,099 വിദ്യാർഥികളും ഇതിന് പുറമെ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ എണ്ണവും സീറ്റുകളുടെ എണ്ണവും തമ്മിലുള്ള അന്തരം കൂടുതലാണ്. പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഉപരിപഠനത്തിന്‌ അർഹരായ വിദ്യാർത്ഥികളും സീറ്റുകളും തമ്മിലുള്ള അന്തരം ഉയർന്നിരിക്കുന്നത്.പാലക്കാട് ജില്ലയിൽ 27,186 സീറ്റുകളിലേക്ക് 46,310 പേരാണ് അപേക്ഷിച്ചിട്ടുള്ളത്. കോഴിക്കോട്ട്‌ 33,772 സീറ്റുകളിലേക്ക് 52,049 വിദ്യാർത്ഥികളും മലപ്പുറത്ത് 51,736 സീറ്റുകളിലേക്ക് 82,275 പേരും അപേക്ഷിച്ചിട്ടുണ്ട്.

 തിരുവനന്തപുരത്ത് 31,244 സീറ്റിലേക്ക് 42,120 വിദ്യാർത്ഥികളും കൊല്ലത്ത് 25,422 സീറ്റുകളിലേക്ക്  38,699 അപേക്ഷകരുമാണുള്ളത്. പത്തനംതിട്ടയിൽ 17,945 അപേക്ഷകർക്കായി 15,058 സീറ്റുകളാണുള്ളത്.ആലപ്പുഴയിൽ നിന്ന് 32,126 പേർ അപേക്ഷിച്ചിട്ടുണ്ട്. 22,336 സീറ്റുകളാണ്‌ ഇവിടെയുള്ളത്. കോട്ടയത്ത് 28,410 അപേക്ഷകർക്കായി 22,336 സീറ്റുകളും ഇടുക്കിയിൽ 15,924 വിദ്യാർത്ഥികൾക്കായി 12,072 സീറ്റുകളുമാണുള്ളത്. 

എറണാകുളത്ത് 32,536 സീറ്റുകളിലേക്ക് 45,360 അപേക്ഷകരും തൃശ്ശൂർ ജില്ലയിൽ 45,342 അപേക്ഷകർക്കായി 32,694 സീറ്റുകളുമാണുള്ളത്. വയനാട് 8608 സീറ്റുകളിൽ 12,617 അപേക്ഷകരുണ്ട്. കണ്ണൂരിൽ 27,258 സീറ്റുകളിലേക്ക് 39,448 പേർ അപേക്ഷിച്ചിട്ടുണ്ട്. 14,472 സീറ്റുകളാണ് കാസർഗോഡ് ജില്ലയ്ക്കുള്ളത്. 19,785 പേരാണ്  ഇവിടെ അപേക്ഷിച്ചിട്ടുള്ളത്.

ജൂൺ 13 ന് ട്രയൽ അലോട്ട്മെന്റും 20 ന് ആദ്യ അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കാനാണ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് തീരുമാനിച്ചിരിക്കുന്നത്. ട്രയൽ അലോട്ട്‌മെന്റിലെ അപാകങ്ങൾ തിരുത്താനും അപേക്ഷകർക്ക് അവസരമുണ്ട്. തിരുത്തിയ ലിസ്റ്റാവും ആദ്യ അലോട്ട്‌മെന്റിൽ പ്രസിദ്ധീകരിക്കുക.

അതുകൊണ്ടുതന്നെ തിങ്കളാഴ്ച പ്രസിദ്ധീകരിക്കുന്ന ട്രയൽ അലോട്ട്‌മെന്റിൽ നിന്ന്‌ ആദ്യ അലോട്ട്‌മെന്റിന് വലിയ വ്യതിയാനങ്ങളൊന്നും ഉണ്ടാവില്ല. ആദ്യ അലോട്ട്‌മെന്റ് ദിനം മുതൽ  അഡ്മിഷൻ ആരംഭിക്കും. ഇതിൽ ഒഴിവുവരുന്ന സീറ്റുകളിലേക്ക് രണ്ടാംഘട്ട അലോട്ട്‌മെന്റുകളും സപ്ലിമെന്ററി അലോട്ട്‌മെന്റുകളും നടത്തി ജൂൺ 30 ന് ക്ലാസുകൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.