ഹരിപ്പാട്: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ജൂണ്‍ 20ന് ആണ്. ട്രയല്‍ അലോട്ട്മെന്റ് തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തും. മുന്‍ നിശ്ചയപ്രകാരം ജൂണ്‍ 30ന് തന്നെ സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കും.

20ന് പ്രസിദ്ധപ്പെടുത്തുന്ന ആദ്യ അലോട്ട്മെന്റ് പ്രകാരം അന്നും അടുത്ത രണ്ട് ദിവസങ്ങളിലുമായി അഡ്മിഷന്‍ നടക്കും. തുടര്‍ന്ന് രണ്ടാം അലോട്ട്മെന്റുണ്ടാകും. മുഖ്യ അലോട്ട്മെന്റുകള്‍ 29ന് അവസാനിക്കും. ആഗസ്ത് ഒന്‍പതിന് ശേഷം അഡ്മിഷന്‍ ഉണ്ടാകില്ല.

എയിഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി മെറിറ്റിലേക്കുള്ള ഡാറ്റാ എന്‍ട്രി 20ന് ആരംഭിച്ച് 25ന് പൂര്‍ത്തിയാക്കണം. ഈ സമയത്താണ് കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കുള്ള അപേക്ഷ വാങ്ങേണ്ടത്. ഇതനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് 27ന് മാത്രമേ പ്രസിദ്ധപ്പെടുത്താന്‍ പാടുള്ളൂവെന്ന് നിര്‍ദേശമുണ്ട്.

സ്‌പോര്‍ട്സ് ക്വാട്ട അപേക്ഷകര്‍ക്കുള്ള സ്‌പെഷ്യല്‍ അലോട്ട്മെന്റ് 15ന് ആണ്. ഈ വിഭാഗത്തിലെ അന്തിമ അലോട്ട്മെന്റ് 20ന് ഉണ്ടാകും. യോഗ്യരായവര്‍ അടുത്തദിവസം തന്നെ അഡ്മിഷന്‍ നേടണം. സംസ്ഥാനത്താകെ 5,18,410 പേരാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചിരിക്കുന്നത്. സര്‍ക്കാര്‍, എയിഡഡ്, അണ്‍എയിഡഡ് വിഭാഗങ്ങളിലായുള്ള ആകെ സീറ്റുകള്‍ 3,56,730 മാത്രമാണ്.