സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസില്‍ ഇതുവരെ ചേര്‍ന്നത് 3,06,930 കുട്ടികള്‍. 4,65,219 അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്.

ഇതനുസരിച്ച് 1,58,289 പേര്‍ക്കാണ് ഇനി പ്രവേശനം ലഭിക്കേണ്ടത്. എന്നാല്‍, ഇവരില്‍ ഒരുവിഭാഗം കുട്ടികള്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ഐ.ടി.ഐ., പോളിടെക്‌നിക് ഉള്‍പ്പെടെയുള്ള കോഴ്‌സുകളില്‍ ചേര്‍ന്നിട്ടുള്ളതിനാല്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്കെല്ലാം സീറ്റ് ലഭിക്കുമെന്നാണു ബന്ധപ്പെട്ടവര്‍ പറയുന്നത്.

ഏകജാലകം വഴിയുള്ള ആദ്യരണ്ട് അലോട്ട്‌മെന്റുകളില്‍ 2,69,533 പേരാണ് ഉള്‍പ്പെട്ടിരുന്നത്.

ഇവരില്‍ 2,38,580 കുട്ടികള്‍ മാത്രമാണു നിശ്ചിതസമയം പ്രവേശനംനേടിയത്.

മെറിറ്റില്‍ ഉള്‍പ്പെട്ട 30,953 സീറ്റുകള്‍ മിച്ചംവന്നിട്ടുണ്ട്. ഇതുള്‍പ്പെടെ സപ്ലിമെന്ററി അലോട്ട്‌മെന്റിനായി മെറിറ്റില്‍ അവശേഷിക്കുന്നത് 37,545 സീറ്റുകളാണ്. ഈ സീറ്റുകളില്‍ പരിഗണിക്കപ്പെടുന്നതിനായി അപേക്ഷ പുതുക്കിനല്‍കണം.

ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ എണ്ണം ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ പ്രവേശന വെബ് സൈറ്റില്‍നിന്ന് മനസ്സിലാക്കാം. ഇതനുസരിച്ചുവേണം അപേക്ഷ പുതുക്കാന്‍.

ഒക്ടോബര്‍ ഏഴിനാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുന്നത്.

Content Highlights: Plus one admission 2021