തൃശ്ശൂര്‍: മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയവരുടെ എണ്ണത്തിലെ വര്‍ധന മുന്‍കൂട്ടിക്കാണാതെ നടത്തിയ പ്ലസ് വണ്‍ പ്രവേശനം ഇക്കുറി ഒന്നാംനിരക്കാര്‍ക്ക് ഇഷ്ടസ്‌കൂള്‍ കിട്ടാന്‍ തടസ്സമാകും. രണ്ടാം അലോട്ട്‌മെന്റിനുശേഷം സ്‌കൂള്‍ മാറ്റം അനുവദിക്കാത്തതാണ് ഇതിലേക്ക് നയിക്കുന്നത്.

സപ്ലിമെന്ററി പട്ടിക പുറത്തുവരുന്നതോടെയാകും ഇത് കണ്ടുതുടങ്ങുക. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലകത്തിന്റെ സോഫ്റ്റ്‌വേറില്‍ മാറ്റംവരുത്തല്‍ സാധ്യമല്ലാത്തതിനാല്‍ ഇനി മാറ്റം സാധ്യവുമല്ല. ഒക്ടോബര്‍ ആറിനാണ് രണ്ടാംഘട്ട അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചത്. 21 വരെ കുട്ടികള്‍ക്ക് ചേരാം. ഇഷ്ടവിഷയത്തിനും ഇഷ്ടസ്‌കൂളിനും വലിയ തിരക്കായതിനാല്‍ കിട്ടിയ സ്‌കൂളില്‍ മിക്കവരും ചേര്‍ന്നു. ഇനി അവര്‍ക്ക് അടുത്തുള്ള സ്‌കൂളില്‍ അവസരം കിട്ടിയാലും ചേരാന്‍ പറ്റില്ല. കാരണം സ്‌കൂള്‍ മാറ്റത്തിനുമുമ്പ് സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിക്കും.ഒരു സ്‌കൂളിലും പ്രവേശനം കിട്ടാതെ നില്‍ക്കുന്നവര്‍ക്കു മാത്രമേ സപ്ലിമെന്ററി പട്ടികയ്ക്കുശേഷം അപേക്ഷിക്കാനാകൂ. അകലെയുള്ള സ്‌കൂളുകളില്‍ ചേര്‍ന്ന കുട്ടികള്‍ക്ക് സപ്ലിമെന്ററി പട്ടികപ്രകാരം അപേക്ഷിക്കാനാകില്ല.

ഒരു സ്‌കൂളിലും പ്രവേശനം കിട്ടാത്തവര്‍ ഇപ്പോള്‍ പ്രവേശനം കിട്ടിയവരേക്കാള്‍ സാങ്കേതികമായി തൊട്ടുതാഴെയാണ്. അവര്‍ക്ക് അപേക്ഷിക്കാന്‍ അവസരം കിട്ടുകയും അടുത്തുള്ള സ്‌കൂളുകളില്‍ പ്രവേശനത്തിന് കളമൊരുങ്ങുകയും ചെയ്യും.

Content Highlights: Plus one Admission 2021