മലപ്പുറം: പാഠപുസ്തക കോപ്പിയടി പോലുള്ള ദുഷ്പ്രവണത പല കോളേജധ്യാപകരിലും പടരുന്നതിന് പ്രധാന കാരണം സ്ഥാനക്കയറ്റത്തിനുള്ള അധികയോഗ്യത കരസ്ഥമാക്കാനുള്ള തിടുക്കം.

നേരത്തേ സീനിയോറിറ്റി ആയിരുന്നു സ്ഥാനക്കയറ്റത്തിനുള്ള യോഗ്യത. ഇപ്പോള്‍ യു.ജി.സി. മാനദണ്ഡമനുസരിച്ച് പുസ്തകരചന, അംഗീകാരമുള്ള ജേര്‍ണലുകളില്‍ പഠനങ്ങള്‍ പ്രസിദ്ധീകരിക്കുക, തുടങ്ങിയ അധിക യോഗ്യതകള്‍ സ്ഥാനക്കയറ്റത്തിന് ആവശ്യമാണ്. ഇത്തരം സംഭാവനകള്‍ ഇല്ലാത്തവര്‍ തുടക്കത്തിലുള്ള അസി. പ്രൊഫസര്‍ തസ്തികയില്‍നിന്ന് വിരമിക്കേണ്ടിവരും. യോഗ്യത നേടിയ താരതമ്യേന ജൂനിയറായവര്‍ പ്രൊഫസര്‍മാരും പ്രിന്‍സിപ്പല്‍മാരുമായി കയറിപ്പോവുകയും ചെയ്യും.

പിഎച്ച്.ഡി. ഉള്ളവര്‍ക്കും അതിനായി ഗൈഡ് ചെയ്തവര്‍ക്കും കൂടുതല്‍ പരിഗണനകിട്ടും. നിലവാരമില്ലാത്ത പ്രബന്ധമാണ് പിഎച്ച്.ഡി.ക്ക് സമര്‍പ്പിക്കുന്നതെങ്കിലും അത് തള്ളിക്കളയുന്ന അവസ്ഥ ഇപ്പോള്‍ ഇല്ല. ഒരു ഗൈഡിന് കീഴില്‍ എത്ര പേര്‍ പിഎച്ച്.ഡി. പ്രബന്ധം സമര്‍പ്പിച്ചു എന്നതുനോക്കി ഗൈഡിനും അക്കാദമിക് ഗ്രേഡ് പോയിന്റുകള്‍ കിട്ടും. പ്രബന്ധം സമര്‍പ്പിക്കേണ്ടത് ഗവേഷണം നടത്തുന്ന അധ്യാപകന്റെ മാത്രമല്ല ഗൈഡിന്റേയും ആവശ്യമായി മാറിയതോടെ തട്ടിക്കൂട്ടു ഡോക്ടറേറ്റുകളുടെ എണ്ണവുംകൂടി വരുന്നതായി ആരോപണമുണ്ട്.

അന്താരാഷ്ട്ര നിലവാരമുള്ള റഫേര്‍ഡ് ജേര്‍ണലുകളില്‍ പഠനങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നും അതിനുമുന്‍പ് ഇവ വിഷയത്തില്‍ പാണ്ഡിത്യമുള്ള അധ്യപകര്‍ പരിശോധിക്കണം എന്നുമായിരുന്നു യു.ജി.സി. ആദ്യം നിഷ്‌കര്‍ഷിച്ചിരുന്നത്. എന്നാല്‍ ഇത്തരക്കാര്‍ അത്യപൂര്‍വമായതോടെ യു.ജി.സി.യുടെ അംഗീകാരമുള്ള ജേര്‍ണലുകള്‍ മതിയെന്ന ഭേദഗതി വരുത്തി. തുടര്‍ന്ന് ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ വെളിച്ചം കണ്ടാലും മതിയെന്നായതോടെ വടക്കേ ഇന്ത്യയിലുംമറ്റും ഇത്തരം പ്രസിദ്ധീകരണങ്ങള്‍ കൂണുപോലെ മുളച്ചുപൊന്തി. ഇവയില്‍ ചിലതെല്ലാം മുന്‍കാല തീയതിവെച്ചും പ്രസിദ്ധീകരിക്കുന്നതായും ആരോപണമുണ്ട്.

സ്ഥാനക്കയറ്റത്തിന് സീനിയോറിറ്റി പോരെന്നും അധികയോഗ്യതവഴി ഗ്രേഡ് പോയിന്റ് നേടണമെന്നും വന്നതോടെ എല്ലാവരുമിപ്പോള്‍ പിഎച്ച്.ഡി.ക്ക് പുറമേ പ്രബന്ധങ്ങളും പുസ്തകങ്ങളും ഒപ്പിക്കുന്ന പരക്കംപാച്ചലിലാണ്. ഇതാണ് പുസ്തക കോപ്പിയടിപോലുള്ളവയിലേക്ക് എത്തിക്കുന്നത്. കോളേജുകളിലും പ്രൊഫസര്‍ പദവി വരാനിരിക്കേ ഈ പരക്കംപാച്ചില്‍ ഇനിയും കൂടാനാണ് സാധ്യത.

'കോപ്പിയടി': പുതിയ പുസ്തകത്തില്‍ കടപ്പാട് രേഖപ്പെടുത്തും

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ പാഠപുസ്തകത്തിലെ ഉള്ളടക്കം മറ്റൊരു പുസ്തകത്തിന്റെ തനിപ്പകര്‍പ്പായി മാറിയത് അച്ചടിയിലെ പിഴവെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്. 'മാതൃഭൂമി' നല്‍കിയ വാര്‍ത്ത ഡോ. പി. റഷീദ് അഹമ്മദാണ് സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഉന്നയിച്ചത്.

ആദ്യം പ്രസിദ്ധീകരിച്ച പുസ്തകം തയ്യാറാക്കിയ ബി. പ്രസാദിന്റെ പേര് ഉള്‍പ്പെടുത്താന്‍ വിട്ടുപോയെന്നാണ് വിശദീകരണം. ബി.എ. ഇംഗ്ലീഷ് നാലാം സെമസ്റ്ററിന്റെ 'ലിറ്റററി ക്രിട്ടിസിസം' പുസ്തകത്തിലാണ് പ്രശ്‌നം.

ഇംഗ്ലീഷ് പഠനബോര്‍ഡ് ചെയര്‍മാന്‍ ഡോ. കെ. പ്രദീപ്കുമാറും ബോര്‍ഡംഗം ഡോ. ആര്‍. ശ്രീപ്രിയയും ചേര്‍ന്നെഴുതിയ പുസ്തകം സര്‍വകലാശാല തന്നെയാണ് പ്രസിദ്ധീകരിച്ചത്. 1965-ല്‍ ബി. പ്രസാദ് രചിച്ച് മക്മിലന്‍ പ്രസിദ്ധീകരിച്ച 'ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു ലിറ്റററി ക്രിട്ടിസിസം' എന്ന പുസ്തകത്തിലെ നാല്‍പ്പതോളം പേജുകള്‍ ഇതില്‍ അതേപടി ഉപയോഗിച്ചിട്ടുണ്ട്.

പക്ഷേ, പ്രസാദിന്റെ രചനയാണെന്ന് ഒരിടത്തും പറയുന്നില്ല. ഈ പുസ്തകത്തിന്റെ പുതിയ പതിപ്പുകള്‍ വൈകാതെ അച്ചടിക്കുമെന്നും ഇദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തുമെന്നും വി.സി. പറഞ്ഞു.

Conten Highlights: Plagiarism by teachers for getting promotions in their post, Calicut University