ന്യൂഡല്‍ഹി: മുടങ്ങിക്കിടന്ന ജെ.ആര്‍.എഫ്, എസ്.ആര്‍.എഫ് ഫെലോഷിപ്പ് തുകകള്‍ ഒരാഴ്ചയ്ക്കകം നല്‍കിത്തുടങ്ങുമെന്ന് യു.ജി.സി. സാങ്കേതിക കാരണങ്ങളാലാണ് തുക വിതരണം തടസ്സപ്പെട്ടതെന്നും കുടിശ്ശിക തുകകളുള്‍പ്പെടെ നിര്‍ദ്ദിഷ്ട അക്കൗണ്ടില്‍ ഉടന്‍ നിക്ഷേപിക്കുമെന്നും യു.ജി.സി സെക്രട്ടറി രജനീഷ് ജെയിന്‍ പറഞ്ഞു. 

യു.ജി.സി നെറ്റ്, സി.എസ്.ഐ.ആര്‍ യു.ജി.സി നെറ്റ് എന്നീ പരീക്ഷകളില്‍ ഉന്നതമാര്‍ക്ക് നേടുന്നവരാണ് ജെ.ആര്‍.എഫിന് യോഗ്യത നേടുന്നത്. 31,000 രൂപയാണ് ഫെലോഷിപ്പ് തുക. സീനിയര്‍ റിസര്‍ച്ച് ഫെലോയ്ക്ക് 35,000 രൂപയാണ് ഫെലോഷിപ്പായി ലഭിക്കുക.   

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ഇന്‍സ്‌പെയര്‍ സ്‌കോളര്‍ഷിപ്പ് നേടിയ എല്‍.എസ്.ആര്‍ കോളേജിലെ വിദ്യാര്‍ഥിയായ ഐശ്വര്യ റെഡ്ഡിയു‌ടെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് റിസര്‍ച്ച് ഫെലോഷിപ്പുകള്‍ വേഗത്തില്‍ നല്‍കാനുള്ള യു.ജി.സി തീരുമാനം.  

Content Highlights: Pending JRF, SRF fellowships to be released in a week said UGC