തിരുവനന്തപുരം: പാരാമെഡിക്കൽ കോഴ്സുകളിലേക്ക് എൽ.ബി.എസ്. സെന്റർ നടത്തിയ ആദ്യ അലോട്ട്മെന്റ് റദ്ദാക്കി. ഡി.ഫാം, ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള കോഴ്സുകളിലേക്ക് വീണ്ടും അലോട്ട്മെന്റ് നടത്തും. നിലവിൽ മൂന്നുവർഷത്തെ കോഴ്സായ ഡിപ്ലോമ ഇൻ റേഡിയോ തെറാപ്പിയുടെ കാലാവധി സംബന്ധിച്ച് സർക്കാർ പുതിയ ഉത്തരവിറക്കിയതാണ് ആദ്യ അലോട്ട്മെന്റ് റദ്ദാക്കാൻ കാരണം.
ഈ കോഴ്സിനെ രണ്ടുവർഷ കാലാവധിയുള്ള ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി എന്നും മൂന്നുവർഷ ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ റേഡിയോ ഡയഗ്നോസിസ് ആൻഡ് റേഡിയോ തെറാപ്പി ടെക്നോളജി എന്നും വിഭജിച്ചു. ഇതനുസരിച്ച് വിദ്യാർഥികൾക്ക് കോഴ്സുകൾ പുനഃക്രമീകരിക്കാനാണ് ആദ്യ അലോട്ട്മെന്റ് റദ്ദാക്കിയതെന്ന് എൽ.ബി.എസ്. സെന്റർ ഡയറക്ടർ അറിയിച്ചു.
രണ്ടുവർഷ കാലാവധിയുള്ള ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി എന്ന കോഴ്സ് വിജയിച്ചവർക്ക് റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റായി ജോലിചെയ്യാനാകില്ലെന്ന് അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് റേഡിയോ തെറാപ്പി ഉൾപ്പെടുന്ന മൂന്നുവർഷ കോഴ്സ് പ്രത്യേകമാക്കുന്നത്.
ദ്വിവത്സര ഡിപ്ലോമ കോഴ്സിന് 12 കോളേജുകളിലേക്കും ത്രിവത്സര ഡിപ്ലോമ കോഴ്സിലേക്ക് എട്ടു കോളേജുകളിലേക്കുമാണ് എൽ.ബി.എസ്. അലോട്ട്മെന്റ് നടത്തുന്നത്.
റീ അലോട്ട്മെന്റ് 27-ന് പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റിലുള്ള വിദ്യാർഥികൾ ആദ്യ അലോട്ട്മെന്റിൽ നൽകിയിരുന്ന കോളേജ് ഓപ്ഷനുകൾ നിലനിർത്തും. ഫീസ് ആയി അടച്ച തുക പുതിയ അലോട്ട്മെന്റിനായി പരിഗണിക്കും. വിവരങ്ങൾക്ക്: 0471 2560361.
Content Highlights: Paramedical admissions: new allotment to publish on Friday