തിരുവനന്തപുരം: സ്‌കൂളുകള്‍ അടഞ്ഞുകിടന്ന ഒരുവര്‍ഷം വിദ്യാര്‍ഥികളില്‍ മാനസിക ബുദ്ധിമുട്ടുകളുടെ നിരക്ക് ഉയര്‍ന്നതായി കേരള വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയും (എസ്.സി.ഇ.ആര്‍.ടി.) തിരുവനന്തപുരം വനിതാ കോളേജ് സൈക്കോളജിക്കല്‍ റിസോഴ്സ് സെന്ററും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തി.

36.05 ശതമാനം രക്ഷിതാക്കള്‍ക്ക് കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടു. 78.35 ശതമാനം പേര്‍ക്ക് വരുമാനത്തില്‍ ഇടിവുണ്ടായി. വരുമാനം കുറഞ്ഞതോടെ 20 ശതമാനത്തിലധികം രക്ഷിതാക്കളിലും അസ്വസ്ഥതയും ദേഷ്യവും സങ്കടവും വര്‍ധിച്ചു. ഇത് ഗൃഹാന്തരീക്ഷത്തില്‍ മാറ്റമുണ്ടാക്കുകയും കുട്ടികളുടെ പഠനത്തെ അത് ബാധിച്ചുവെന്നുമാണ് വിലയിരുത്തല്‍. 4.68 ശതമാനം രക്ഷിതാക്കള്‍ക്ക് കൗണ്‍സിലറുടെ സഹായം വേണ്ടിവന്നു.

വിക്ടേഴ്സിന് ഉയര്‍ന്ന റേറ്റിങ് നല്‍കിയത് 73.77 ശതമാനം

കഴിഞ്ഞ അധ്യയനവര്‍ഷം വിക്ടേഴ്സ് ചാനല്‍ വഴി നല്‍കിയ സ്‌കൂള്‍ ക്ലാസുകള്‍ക്ക് ഉയര്‍ന്ന റേറ്റിങ് (മൂന്നുമുതല്‍ അഞ്ചുവരെ) നല്‍കിയ വിദ്യാര്‍ഥികള്‍ 73.77 ശതമാനം വരും. എന്നാല്‍ താഴ്ന്ന റേറ്റിങ് നല്‍കിയവരുടെ എണ്ണം ചെറുതല്ല.

787 പേര്‍ മൂന്നില്‍ താഴെയാണ് റേറ്റിങ് നല്‍കിയത്. സംശയങ്ങള്‍ നേരിട്ട് പരിഹരിക്കാന്‍ അവസരം ഇല്ലെന്ന് 45.98 ശതമാനവും ക്ലാസിന്റെ മാധ്യമം പിന്തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് 27.34 ശതമാനവും അധ്യാപകരുടെ ഭാഷാശൈലി പിന്തുടരാന്‍ പ്രയാസമുണ്ടെന്ന് 16.35 ശതമാവും റിപ്പോര്‍ട്ട് ചെയ്തു.

ഫോളോ അപ് ക്ലാസുകള്‍ക്ക് കണക്ടിവിറ്റിയും പ്രശ്‌നം

അധ്യാപകര്‍ നല്‍കിലയ ഫോളോ അപ് ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തവരില്‍ 34.21 ശതമാനം കുട്ടികളും കണക്ടിവിറ്റി പ്രശ്‌നങ്ങളാണ് കാരണമായി പറയുന്നത്.

റീചാര്‍ജ് ചെയ്യാനുള്ള സാമ്പത്തിക ബുദ്ധിമുട്ട് (12.56 ശതമാനം), പാഠഭാഗങ്ങള്‍ മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട് (12.23), സ്മാര്‍ട് ഫോണിന്റെ അഭാവം (10.66) തുടങ്ങിയവയും ചൂണ്ടിക്കാട്ടുന്നു.

ഡിജിറ്റല്‍ പഠനം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ (ശതമാനത്തില്‍) 

ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളില്‍ തുടര്‍ച്ചയായ സ്‌ക്രീന്‍ ഉപയോഗം മൂലമുള്ള തലവേദന- 52.84, കണ്ണിന് ക്ഷീണം 42.25, മങ്ങിയകാഴ്ച 15.57, കണ്ണിന് ബുദ്ധിമുട്ടുണ്ടായ പ്രൈമറി വിദ്യാര്‍ഥികള്‍ 12.9, കണ്ണിന് ബുദ്ധിമുട്ട്, തലവേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടായ അധ്യാപകര്‍ 53.88.

Content Highlights: pandemic badly affected students mental health, says studies