തൃശ്ശൂർ: അത്യാഹിത വിഭാഗങ്ങളിലെ കിടക്കകളിലെല്ലാം കേന്ദ്രീകൃത കുഴൽ സംവിധാനം വഴി ഓക്സിജൻ എത്തിക്കാത്ത മെഡിക്കൽ കോളേജുകളിൽ ഇനി വൈദ്യപഠനം നടക്കില്ല. മെഡിക്കൽപഠന പ്രവേശന മാനദണ്ഡങ്ങളിൽ ദേശീയ മെഡിക്കൽ കമ്മിഷനാണ് ഭേദഗതി വരുത്തിയത്. കോവിഡിന്റെ രണ്ടാംവരവിൽ രാജ്യത്തെ ചികിത്സാലയങ്ങൾ ശ്വാസം മുട്ടിയതിനെത്തുടർന്നാണ് ഭേദഗതി.

എം.ബി.ബി.എസിന്റെ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന നിയമം കഴിഞ്ഞവർഷമാണ് കമ്മിഷൻ നടപ്പാക്കിയത്. ദേശീയ മെഡിക്കൽ കൗൺസിലിന് പകരമായാണ് ദേശീയ മെഡിക്കൽ കമ്മിഷൻ നിലവിൽ വന്നത്. കമ്മിഷൻ നിലവിൽ വന്നശേഷം മെഡിക്കൽ വിദ്യാഭ്യാസവും പ്രാക്ടീസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ വ്യക്തത വരുത്തിവരുകയുമാണ്.

പുതിയ മാനദണ്ഡപ്രകാരം ആശുപത്രിയിൽ ദ്രവീകൃത ഓക്സിജൻ ടാങ്ക് അനുയോജ്യമായ വിധത്തിൽ സ്ഥാപിച്ചിരിക്കണം. ഇതിൽനിന്നുള്ള കുഴലുകൾ എല്ലാ കിടക്കകളിലേക്കും അത്യാസന്ന രോഗികളുള്ള ഇടങ്ങളിലേക്കും ട്രോളി തുടങ്ങിയവയിലേക്കും വേണം. കൂടാതെ പ്രഷർ സ്വിങ് അബ്സോർബ്ഷൻ (പി.എസ്.എ.) അല്ലെങ്കിൽ വാക്വം സ്വിങ് അബ്സോർബ്ഷൻ(വി.എസ്.എ.) സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഓക്സിജൻ ഉത്‌പാദന സംവിധാനവും നിർബന്ധമാണ്. ആറുമാസത്തിനകം ഈ സംവിധാനങ്ങൾ എല്ലാ മെഡിക്കൽ കോളേജ് ആശുപത്രികളിലും പ്രവർത്തനം തുടങ്ങണമെന്നാണ് നിർദേശം. 2022 മുതൽ സംവിധാനങ്ങൾ നിർബന്ധമാണെന്നും ഉത്തരവിൽ പറയുന്നു.

കമ്മിഷന്റെ അണ്ടർ ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ബോർഡ് പ്രസിഡന്റ് ഡോ. അരുണ വി. വണികറാണ് ഉത്തരവിറക്കിയിരിക്കുന്നത്. ബിരുദപ്രവേശനത്തിനു മുൻപ് എല്ലാ കോളേജുകളിലും അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി കമ്മിഷൻ പരിശോധന നടത്താറുണ്ട്. മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ പ്രവേശനാനുമതി നിഷേധിക്കാറുമുണ്ട്.

Content Highlights: Oxygen Plants Compulsory At All Medical Colleges: National Medical Commission Amends MBBS Regulations