കോട്ടയം: സ്‌കൂളിന്റെ മുറ്റത്തുവന്ന് കെട്ടിടം നോക്കി ഫിറ്റ്‌നസ് കൊടുക്കുന്ന കാലം കഴിഞ്ഞു. സ്‌കൂളിന്റെ ഫിറ്റ്‌നസ് എന്നത് അവിടെ ഉണ്ടായേക്കാവുന്ന എല്ലാ അപകടസാധ്യതകളും ഇല്ലാതാക്കുന്ന ഉറപ്പാക്കി മാറ്റുമെന്ന് സര്‍ക്കാര്‍ ഉത്തരവ്. സ്‌കൂള്‍വളപ്പിലെ കെട്ടിടമടക്കം എല്ലാ കാര്യങ്ങളും എന്‍ജിനീയര്‍മാര്‍ പരിശോധിക്കേണ്ടിവരും. കുട്ടി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍വളപ്പിലെയും കെട്ടിടങ്ങളിലെയും പൊത്തുകള്‍, കുഴികള്‍ എന്നിവ ഒഴിവാക്കണമെന്നും പ്രത്യേകം നിര്‍ദേശിക്കുന്നു.

സ്‌കൂള്‍ തുറക്കുന്നത് എന്നാണെന്ന് വ്യക്തത വന്നിട്ടില്ലെങ്കിലും, സ്‌കൂള്‍വളപ്പിലെ സുരക്ഷ ഉറപ്പുവരുത്താനുള്ള പ്രവൃത്തികള്‍ തുടങ്ങാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു. കുട്ടികളുടെ സമഗ്രസുരക്ഷ ഉറപ്പുവരുത്തുന്ന ക്രമീകരണങ്ങള്‍ ചെയ്യണം. കെട്ടിടം, ശൗചാലയം, ഉപകരണങ്ങള്‍ എന്നിവ അണുമുക്തമാക്കണം.

ശൗചാലയം, വാഷ് മുറികള്‍ എന്നിവിടങ്ങളില്‍ സോപ്പും സാനിറ്റൈസറും ഉറപ്പുവരുത്തണം. കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ശൗചാലയം വേണം. ശൗചാലയങ്ങള്‍ക്ക് ബലമുള്ള വാതില്‍ ഉണ്ടാകണം. പെണ്‍കുട്ടി, ഭിന്നശേഷിസൗഹൃദ ശൗചാലയങ്ങള്‍ നിര്‍ബന്ധം. പാചകപ്പുരയുടെ വൃത്തി ഉറപ്പാക്കണം.

സ്‌കൂള്‍ തുറക്കുംമുമ്പുതന്നെ പ്രഥമശുശ്രൂഷ കിറ്റുകള്‍ എത്തിക്കണം. വളപ്പില്‍ മാലിന്യശേഖരം പാടില്ല. സംസ്‌കരണത്തിന് സൗകര്യം വേണം. കുടിവെള്ളം ഉറപ്പാക്കുന്നതിനൊപ്പം സ്രോതസ്സ് ശുദ്ധീകരിക്കണമെന്നും ഉത്തരവിലുണ്ട്.

Content Highlights: Only students friendly and safe schools get fitness certificate