കോഴിക്കോട്: ഓൺലൈൻ ക്ലാസുകളിൽ കുട്ടികൾക്കുണ്ടാകുന്ന മാനസികപ്രശ്നങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും പെട്ടെന്ന് മനസ്സിലാക്കാനും പരിഹരിക്കാനും പുതിയ കോഴ്സുമായി ഇംഹാൻസ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്). ജില്ലകളിലുള്ള സ്കൂൾ കൗൺസിലർമാർക്കാണ് കോഴ്സ് സംഘടിപ്പിക്കുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകളിൽ കുട്ടികൾ കൂടുതൽ സമയം ചെലവഴിക്കുമ്പോൾ ഒട്ടേറെ പ്രശ്നങ്ങൾ കണ്ടുവരുന്നതായി വിദഗ്ധർ പറയുന്നു. കണ്ണിന്റെ ആരോഗ്യത്തെയാണ് കൂടുതലായി ബാധിക്കുന്നത്. രാത്രിസമയങ്ങളിൽ സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നതും കുട്ടികൾക്ക് ക്ഷീണം ഉൾപ്പടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.

ആദ്യ ബാച്ചിന്റെ ക്ലാസ് ഓഗസ്റ്റ് ഒന്നിന് ഓൺലൈനായി ആരംഭിക്കും. അവസാനത്തെ 10 ദിവസം ഇംഹാൻസിൻ നേരിട്ടുള്ള ക്ലാസുകൾ നടക്കും. 2500 രൂപയാണ് മൂന്ന് മാസത്തെ കോഴ്സിനായുള്ള ഫീസ്.

രോഗം നേരത്തേ കണ്ടെത്തി പരിഹരിക്കണം

കോവിഡനന്തര ലോകത്ത് കുട്ടികൾ അനുഭവിക്കാൻ ഇടയുള്ള പ്രശ്നങ്ങൾ നേരത്തേ കണ്ടെത്തി, അതു പരിഹരിക്കാൻ സ്കൂൾ കൗൺസിലേഴ്സിനു സാധിക്കും. കുട്ടികളുടെ മാനസിക ആരോഗ്യ കാര്യങ്ങളെ കുറിച്ച് മെച്ചപ്പെട്ട അറിവ് ഉണ്ടാക്കുക എന്നതാണ് കോഴ്സിന്റെ ലക്ഷ്യം.

ഡോ. സീമ പി. ഉത്തമൻ, അസിസ്റ്റന്റ് പ്രൊഫസർ, കോഴ്സ് ഡയറക്ടർ, ഡിപ്പാർട്ട്മെന്റ് സൈക്യാട്രിക് സോഷ്യൽവർക്ക്, ഇംഹാൻസ്

Content Highlights: Online Learning: Imhans to come up with a course to solve mental problems in children