ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത പ്രദേശങ്ങളില്‍ കമ്യൂണിറ്റി റേഡിയോ ഉപയോഗപ്പെടുത്തി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കാന്‍ പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ.

ഇക്കാര്യത്തില്‍ കേന്ദ്ര വാര്‍ത്താപ്രക്ഷേപണമന്ത്രാലയത്തിനു ശുപാര്‍ശനല്‍കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന മാനവവിഭവശേഷി വികസനകാര്യ പാര്‍ലമെന്ററി സമിതിയില്‍ ധാരണയായി. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ ആദിവാസിമലയോര മേഖലയിലുള്ളവര്‍ അവഗണിക്കപ്പെടുന്നതായി യോഗത്തില്‍ പങ്കെടുത്ത ടി.എന്‍. പ്രതാപന്‍ എം.പി.യടക്കമുള്ളവര്‍ വിമര്‍ശനമുന്നയിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി.

കോവിഡ് മഹാമാരിയെത്തുടര്‍ന്നുള്ള ഓണ്‍ലൈന്‍ പഠനത്തിലെ വിടവു നികത്താന്‍ ദൂരദര്‍ശന്‍, റേഡിയോ തുടങ്ങിയ മാധ്യമങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കാമെന്ന് പാര്‍ലമെന്ററിസമിതി വിലയിരുത്തി.

ഓണ്‍ലൈന്‍ വിദ്യാഭ്യാസം അവലോകനം ചെയ്യാന്‍ വിളിച്ച യോഗത്തിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാഭ്യാസ സെക്രട്ടറിമാരെ വിളിപ്പിച്ചിരുന്നു. എന്നാല്‍, കേരളത്തിലെ വിദ്യാഭ്യാസ സെക്രട്ടറിയെ ക്ഷണിച്ചിരുന്നില്ല. കേരളത്തെ അവഗണിച്ചതിലും സമിതിയില്‍ വിമര്‍ശനമുയര്‍ന്നു.

അടുത്ത യോഗത്തില്‍ വിളിക്കാനാണ് ധാരണ. ബി.എസ്.എന്‍.എല്‍. ഉള്‍പ്പെടെയുള്ള ടെലികോം കമ്പനികള്‍ക്ക് പലയിടങ്ങളിലും റേഞ്ച് ഇല്ലാത്തത് ഡിജിറ്റല്‍ വിദ്യാഭ്യാസത്തെ സാരമായി ബാധിച്ചെന്ന് യോഗം വിലയിരുത്തി. ഇതു പരിഹരിക്കാന്‍ എം.പി.മാരുടെ ഫണ്ട് ഉള്‍പ്പെടെയുള്ളവ ഉപയോഗപ്പെടുത്തി അടിസ്ഥാനസൗകര്യവികസനം ഉറപ്പാക്കണമെന്ന് അഭിപ്രായമുയര്‍ന്നു.

Content Highlights: Online Learning, community radio's could be used in rural areas