തിരുവനന്തപുരം: ഇന്റർനെറ്റ് സംവിധാനത്തിനു പ്രശ്നമുള്ള സ്ഥലങ്ങളിൽ ഓൺലൈൻ ക്ലാസുകൾ ഡൗൺലോഡ് ചെയ്ത് കാണാൻ വിദ്യാർഥികൾക്ക് സൗകര്യമൊരുക്കും. സാങ്കേതികസംവിധാനമില്ലാത്ത കുട്ടികളെ കണ്ടെത്തി സൗകര്യമൊരുക്കി നൽകാൻ അധ്യാപകർ മുൻകൈയെടുക്കണമെന്നും ഡിജിറ്റൽ ക്ലാസ് സംബന്ധിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ മാർഗരേഖ നിർദേശിക്കുന്നു.

ക്ലാസുകൾ സൈബർനിയമങ്ങൾ പാലിച്ചാക്കണമെന്ന് ഉറപ്പുവരുത്തും. ഡിജിറ്റൽ ക്ലാസുകൾക്കായി കുട്ടികളെ അതത് അധ്യാപകർതന്നെയാണ് സജ്ജമാക്കേണ്ടത്. എല്ലാ തിങ്കളാഴ്ചയും തൊട്ടുമുമ്പത്തെ ആഴ്ചയിലെ ക്ലാസുകൾ കുട്ടികൾകണ്ടു എന്നുറപ്പാക്കേണ്ട ചുമതലയും അധ്യാപകർക്കുണ്ട്.

സാമൂഹികമാധ്യമ ഗ്രൂപ്പുകൾ വഴി രക്ഷിതാക്കളുമായി നിരന്തരബന്ധം പുലർത്തണം. ലോവർ പ്രൈമറി വിദ്യാർഥികൾ മുതിർന്ന അംഗത്തിനൊപ്പമാണ് ക്ലാസ് കാണുന്നതെന്നു ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

അനുയോജ്യമായ മൂല്യനിർണയരീതി ഉപയോഗിച്ച് കുട്ടികളിൽ അധികസമ്മർദം ഉണ്ടാക്കാത്തവിധം മൂല്യനിർണയവും പഠനപുരോഗതി വിലയിരുത്തലും നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

Content Highlights: Online classes to be downloaded for students with low connectivity, KITE Victers