തിരുവനന്തപുരം: ഡിജിറ്റല്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ പ്രാഥമിക സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ട്രയല്‍ ക്ലാസുകള്‍ നടക്കുമ്പോള്‍ത്തന്നെ അതിനുള്ള സൗകര്യമൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി. ഡിജിറ്റല്‍ ക്ലാസുകള്‍ കഴിഞ്ഞശേഷം ഘട്ടംഘട്ടമായി ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

എന്നാല്‍, ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ സൗകര്യമില്ലെന്നും എങ്ങനെയാണ് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗകര്യമൊരുക്കുകയെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി റോജി എം. ജോണ്‍ ചോദിച്ചു.

ഡിജിറ്റല്‍ വീഡിയോ ക്ലാസ് കാണുന്നതിന് ബുദ്ധിമുട്ടുള്ള വിദ്യാര്‍ഥികളെ കണ്ടെത്താന്‍ സമഗ്ര ശിക്ഷ കേരള നടത്തിയ സര്‍വേയില്‍ ഏകദേശം 2.6 ലക്ഷം കുട്ടികളെ കണ്ടെത്തി. ഇപ്പോള്‍ നടക്കുന്ന ട്രയല്‍ ക്ലാസ് സമയത്ത് 49,000 കുട്ടികള്‍ക്ക് പ്രാഥമിക സൗകര്യമില്ല. അത് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ലഭ്യമാക്കിയിട്ടുള്ള ഇന്റര്‍നെറ്റ് സൗകര്യവും 1,20,000 ലാപ്ടോപ്പുകളും 70,000 പ്രൊജക്ടറുകളും ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിക്കാന്‍ ഈ വര്‍ഷവും അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏഴുലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. പ്ലസ് ടു ക്ലാസുകള്‍ തുടങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ട് പ്ലസ് വണ്‍ പരീക്ഷ നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ തവണയുള്ള പാഠഭാഗങ്ങളില്‍നിന്ന് ഫോക്കസ് ഏരിയയില്‍ നിന്നുള്ള ചോദ്യങ്ങളുണ്ടാകുമെന്നാണ് പറയുന്നത്.

ഫോക്കസ് ഏരിയപോലും വീണ്ടും പഠിപ്പിക്കേണ്ട അവസ്ഥയാണുള്ളത്. ഇത്തരം ന്യൂനത പരിഹരിക്കാനുള്ള ശ്രമം നടത്തിയില്ലെങ്കില്‍ ഉന്നത പഠനത്തിന് പോകുമ്പോള്‍ നമ്മുടെ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. എം.എല്‍.എ. ഫണ്ടിന്റെ ഒരു ഭാഗം കുട്ടികളുടെ ഡിജിറ്റല്‍ പഠനത്തിന് ഉപയോഗിക്കാന്‍ അനുവദിക്കണമെന്നത് സര്‍ക്കാരിന്റെ പരിഗണനയ്ക്കായി വെക്കുകയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

Contet Highlights: Online classes School admissions 2021