ക്കുറിയെങ്കിലും സ്‌കൂളിന്റെ പടി ചവിട്ടാമെന്ന വിദ്യാര്‍ഥികളുടെ മോഹം വ്യാമോഹമായി മാറിയത് കോവിഡ് രണ്ടാംതരംഗത്തോടെയാണ്.

വര്‍ണബലൂണുകളും മിഠായികളും അരങ്ങുകളും അലങ്കാരങ്ങളും അകമ്പടിയായി കരച്ചിലുകളും മുഴങ്ങിയിരുന്ന വിദ്യാലയങ്ങളിപ്പോള്‍ മൂകതയിലാണ്. കുട്ടികളുടെ കളികളും ചിരികളും കലാലയമുറ്റങ്ങള്‍ക്ക് അന്യമായിട്ട് ഒരുവര്‍ഷം കഴിഞ്ഞു. പഠനവും പ്രവേശനോത്സവവുമെല്ലാം ഇക്കുറിയും ഓണ്‍ലൈനിലാണ്.

കഴിഞ്ഞവര്‍ഷം പൊതുവിദ്യാലയങ്ങള്‍ വിക്ടേഴ്‌സ് ചാനല്‍ ആശ്രയിച്ചാണ് പഠനം നടത്തിയിരുന്നതെങ്കില്‍ ഇക്കുറി സ്‌കൂളുകളില്‍ അതത് വിഷയമെടുക്കുന്ന അധ്യാപകര്‍കൂടി ക്ലാസെടുക്കുന്നുണ്ട്. പുതിയ മാറ്റം വിദ്യാഭ്യാസമേഖലയ്ക്ക് ഉണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷ.

സി.ബി.എസ്.ഇ. സ്‌കൂളുകളാവട്ടെ അധ്യാപകര്‍ ക്ലാസെടുക്കുന്നത് യൂ ട്യൂബിലിട്ടും നേരിട്ട് കുട്ടികളുമായി സംവദിച്ചും ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്തിയുമാണ് കഴിഞ്ഞ അധ്യയനവര്‍ഷം പിന്നിട്ടത്.

കുട്ടനെല്ലൂര്‍ സെയ്ന്റ് അഗസ്റ്റിന്‍ എച്ച്.എസ്.എസും തൈക്കാട്ടുശ്ശേരി എ.എല്‍.പി.എസും തയ്യാറാക്കിയ വീഡിയോ കാണാന്‍ ഈ ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്യുക

ടൈം ടേബിള്‍ ഇട്ടുതുടങ്ങി; ഡിവിഷനുകള്‍ ഉടന്‍
സ്‌കൂളുകളിലെല്ലാം ടൈം ടേബിളുകള്‍ തയ്യാറാക്കിത്തുടങ്ങി. പ്രവേശനം പൂര്‍ണമായശേഷം ഡിവിഷനുകള്‍ നിശ്ചയിക്കാന്‍ തുടങ്ങും. പ്രവേശനോത്സവത്തിന്റെ ചെറുവീഡിയോകള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുതുടങ്ങി. പ്രവേശനോത്സവത്തില്‍ എല്ലാ കുട്ടികള്‍ക്കും പങ്കെടുക്കുന്നതിനായി പുതിയവരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള ലൈവ് പരിപാടിയും സ്‌കൂളുകള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

യൂ ട്യൂബില്‍ പ്രവേശനോത്സവ വീഡിയോ പങ്കുവെയ്ക്കുകയും ചെയ്യും. മൊബൈല്‍ ഇല്ലാത്തവരുടെ പേരുവിവരങ്ങള്‍ പല സ്‌കൂളുകളും ബി.ആര്‍.സി.യിലേയ്ക്ക് കൈമാറി. അറ്റന്‍ഡന്‍സ് രേഖപ്പെടുത്തുന്നതിന് ഓണ്‍ലൈന്‍ രജിസ്റ്റര്‍ സൂക്ഷിക്കുമെന്ന് പുറനാട്ടുകര എസ്.ആര്‍.കെ.ജി.വി.എം. എച്ച്.എസ്.എസ്. അധ്യാപകന്‍ എം.എസ്. രാജേഷ് പറഞ്ഞു.

റേഞ്ച് വെല്ലുവിളിയാവും
ഓണ്‍ലൈന്‍ പഠനത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി മൊബൈല്‍ റേഞ്ചാണ്. വരാനിരിക്കുന്നത് മഴക്കാലമാണ്. കറന്റ് വന്നും പോയുമിരിക്കും. ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കുവേണ്ടി വീണ്ടും ക്ലാസെടുക്കേണ്ടിവരുമെന്ന് തൃശ്ശൂര്‍ ഗവ. മോഡല്‍ ഗേള്‍സ് സ്‌കൂള്‍ അധ്യാപിക ഡോ. സി. മഞ്ജു പറഞ്ഞു

അകലുന്നില്ല ആശങ്കകള്‍...
അധ്യാപകര്‍ സ്‌കൂളുകളിലെത്തണമെന്നായിരുന്നു നേരത്തേയുണ്ടായ ഉത്തരവ്. അതിതീവ്രമേഖലകളായി പ്രഖ്യാപിച്ച ഇടങ്ങളില്‍നിന്ന് അധ്യാപകര്‍ എങ്ങനെയെത്തുമെന്നവര്‍ ആശങ്കപ്പെട്ടിരുന്നു. വിദ്യാര്‍ഥികളില്‍ പലര്‍ക്കും മൊബൈല്‍സൗകര്യങ്ങളില്ല. ലോക്ഡൗണില്‍ ഇളവ് വന്ന് രക്ഷിതാക്കള്‍ ജോലിക്ക് പോയിത്തുടങ്ങിയാല്‍ മൊബൈല്‍ കിട്ടണമെങ്കില്‍ അവര്‍ തിരിച്ചെത്തണം. രാവിലെ ഇട്ടുകൊടുക്കുന്ന ക്ലാസ് വീഡിയോകള്‍ കാണുമ്പോള്‍ വൈകീട്ടാവും. ഒരു വീട്ടില്‍ത്തന്നെ മൂന്ന് വിദ്യാര്‍ഥികളും ഒരൊറ്റ മൊബൈലുമാണുള്ളതെങ്കില്‍ എങ്ങനെയവര്‍ ക്ലാസില്‍ പങ്കെടുക്കുമെന്ന് പേരാമംഗലം ശ്രീദുര്‍ഗാവിലാസം സ്‌കൂള്‍ അധ്യാപകന്‍ പി. സതീശന്‍ ചോദിക്കുന്നു. രക്ഷിതാക്കളുടെ സാന്നിധ്യത്തിലല്ലാതെ മൊബൈല്‍ ഉപയോഗിക്കുന്നതിലും പ്രശ്‌നങ്ങളുണ്ട്.

പാഠപുസ്തകവിതരണം പൂര്‍ത്തിയാവുന്നു
കുട്ടികള്‍ക്കുള്ള പാഠപുസ്തകവിതരണം എണ്‍പതുശതമാനം പൂര്‍ത്തിയായി. ഓണ്‍ലൈന്‍ ക്ലാസ് കാണാനുള്ള കംപ്യൂട്ടര്‍, ലാപ്ടോപ്പ്, ടി.വി. സൗകര്യങ്ങളെല്ലാം കഴിഞ്ഞവര്‍ഷംതന്നെ ഒരുക്കിക്കൊടുത്തിരുന്നു. ഈ വര്‍ഷവും സൗകര്യമൊരുക്കും. വിക്ടേഴ്‌സ് ചാനലിലെ ക്ലാസിന് അനുബന്ധമായി അതത് വിഷയമെടുക്കുന്ന അധ്യാപകര്‍ കുട്ടികളുമായി കൂടിക്കാഴ്ച നടത്തും. സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ ടൈം ടേബിള്‍ തയ്യാറാക്കുന്നു.- എന്‍. ഗീത, വിദ്യാഭ്യാസ ഉപഡയറക്ടര്‍.
ല്‍.പി.എസും തയ്യാറാക്കിയ വീഡിയോ കാണാന്‍ ഈ ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്യുക

Content Highlights: Online classes due to covid 19 second wave