തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനപ്രക്രിയയില്‍ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ പിന്നിലെന്ന് ആക്ഷേപം. സാധാരണ അക്കാദമിക വര്‍ഷങ്ങളില്‍ ഡിസംബറില്‍ കഴിയേണ്ട പാഠങ്ങളൊന്നും കൈറ്റ് വിക്ടേഴ്‌സിലൂടെ ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല.
ശാസ്ത്രവിഷയങ്ങളില്‍ പകുതിയോളം ഇനിയും തീര്‍ക്കാനുണ്ട്. അഞ്ചാംതീയതി മുതല്‍ പ്ലസ്ടു വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ ക്ലാസിന്റെ സമയം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും പ്രാക്ടിക്കല്‍ ക്ലാസുകളെക്കുറിച്ച് ഒരു ധാരണയുമില്ലെന്ന് അധ്യാപക സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍, പരീക്ഷയ്ക്കും റിവിഷനും മുമ്പുതന്നെ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കുള്ള എല്ലാ പാഠങ്ങളും വിദ്യാര്‍ഥികള്‍ക്ക് സമ്മര്‍ദമില്ലാതെതന്നെ പഠിപ്പിച്ചു തീര്‍ക്കാനാകുമെന്ന് അധികൃതര്‍ പറയുന്നു.
സാധാരണ രണ്ടാംപാദ പരീക്ഷ നടക്കുന്ന ഡിസംബറില്‍ പൂര്‍ത്തിയാക്കുന്ന പാഠഭാഗങ്ങളെക്കാള്‍ വളരെ പിന്നിലാണ് ഓണ്‍ലൈനിലൂടെ തീര്‍ത്ത പാഠങ്ങളെന്നാണ് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്റെ കണക്കുകള്‍. ഡിസംബര്‍ ഒന്നിന്റെ കണക്കനുസരിച്ച് ശാസ്ത്രവിഷയങ്ങളില്‍ പൂര്‍ത്തിയാക്കിയ പാഠങ്ങള്‍ കുറച്ചുമാത്രം. കെമിസ്ട്രിയില്‍ 11 അധ്യായം പഠിപ്പിക്കേണ്ടിടത്ത് നാലെണ്ണമാണ് പൂര്‍ത്തിയാക്കിയത്. ഫിസിക്‌സില്‍ 15 പാഠങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതില്‍ അഞ്ചെണ്ണമാണ് പൂര്‍ത്തിയാക്കാനായത്. മാത്തമാറ്റിക്‌സില്‍ 11 വേണ്ടിടത്ത് അഞ്ചെണ്ണം. ഇക്കണോമിക്‌സ്, ബിസിനസ് സ്റ്റഡീസ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ് തുടങ്ങിയവയില്‍ ഇനിയും പകുതിയിലേറെ അധ്യായങ്ങള്‍ പഠിപ്പിക്കാനുണ്ടെന്നു പറയുന്നു. ചില വിഷയങ്ങളില്‍ ഇതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനായിട്ടില്ലെന്നും അധ്യാപകര്‍ പറയുന്നു.
അമിതഭാരം ഉണ്ടാവില്ല
വിദ്യാര്‍ഥികള്‍ക്ക് അമിതഭാരം ഏല്‍പ്പിക്കാതെ തന്നെ ഡിസംബര്‍ ഏഴു മുതല്‍ ക്ലാസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ എല്ലാ വിഷയത്തിനും ക്ലാസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഫസ്റ്റ് ബെല്‍ ക്ലാസുകള്‍മാത്രം കണ്ട് പരീക്ഷയെഴുതുകയെന്ന ലക്ഷ്യത്തോടെയല്ല സംപ്രേഷണം. നിലവില്‍ അധ്യാപകര്‍ നല്‍കുന്ന തത്സമയ പിന്തുണയ്ക്കു പുറമേ കുട്ടികള്‍ സ്‌കൂളില്‍ വന്ന് അധ്യാപകര്‍ നേരിട്ട് ക്ലാസുകള്‍ നല്‍കുന്ന അനുഭവംകൂടി പ്രതീക്ഷിച്ചാണ് ഫസ്റ്റ്‌ബെല്‍ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്.
- കെ. അന്‍വര്‍ സാദത്ത്, സി.ഇ.ഒ., കൈറ്റ്
Content Highlights: Online class plustwo portions are pending, students under pressure, First bell, Kite victers