കുറ്റിപ്പുറം/ മലപ്പുറം: സംസ്ഥാനത്തെ അങ്കണവാടികളിൽ ഓൺലൈൻ ക്ലാസ് നടത്തുന്നത് സർക്കാരിന്റെ പരിഗണനയിൽ. ഓൺലൈൻ ക്ലാസ് എടുക്കുന്നതിന്റെ പ്രായോഗികത പരിശോധിക്കാൻ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറോട് സാമൂഹികനീതിവകുപ്പ് സെക്രട്ടറി ആവശ്യപ്പെട്ടു.

കൊറോണ വ്യാപനത്തെത്തുടർന്ന് മാർച്ച് മുതൽ അങ്കണവാടികളിൽ കുട്ടികളെ പ്രവേശിപ്പിക്കുന്നില്ല. തിങ്കളാഴ്ച മുതൽ അങ്കണവാടി ജീവനക്കാരുടെ സേവനം പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ കുട്ടികളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന്റെ സാധ്യത സർക്കാർ പരിശോധിക്കുന്നത്.

മൂന്നുമുതൽ ആറുവയസ്സുവരെയുള്ള കുട്ടികൾക്കായി വിക്ടേഴ്സ് ചാനൽ വഴി 'കിളിക്കൊഞ്ചൽ' എന്ന പരിപാടി സംപ്രേഷണം ചെയ്തിരുന്നു. ഓരോ അങ്കണവാടിക്കുകീഴിലും വരുന്ന കുട്ടികൾക്കായി അതത് അങ്കണവാടിയിലെ ജീവനക്കാർ തന്നെ ഓൺലൈനായി ക്ലാസെടുക്കുന്ന രീതി അവലംബിക്കാനാകുമോ എന്നതാണ് ഇപ്പോൾ പരിശോധിക്കുന്നത്.

അങ്കണവാടിയിലെ വർക്കറും സഹായിയും തിങ്കളാഴ്ച മുതൽ ജോലിക്ക് ഹാജരാകണം. പോഷകാഹാരം വീടുകളിൽ വിതരണം ചെയ്യുന്ന രീതി തുടരും. രജിസ്റ്ററുകളിൽ രേഖപ്പെടുത്തലുകൾ നടത്തുക, സർവേകൾ, ഭവനസന്ദർശനങ്ങൾ എന്നിവ പൂർത്തീകരിക്കുക തുടങ്ങിയവയാണ് ജീവനക്കാർ ചെയ്യേണ്ടത്. 'കുടുംബങ്ങളിലേക്ക് അങ്കണവാടികൾ' എന്ന പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങളും നിർവഹിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

ജീവനക്കാർ പതിവുപോലെ അങ്കണവാടികളിലെത്താൻ തുടങ്ങുന്നതോടെ മിക്ക പ്രവർത്തനങ്ങളും സാധാരണപോലെയാകുമെങ്കിലും കുട്ടികളെ സംബന്ധിച്ചിടത്തോളം അങ്കണവാടികളുടെ പ്രയോജനം പൂർണമായി ലഭിക്കുകയില്ല. ഇതു മറികടക്കാനാണ് ഓൺലൈൻ ക്ലാസിന്റെ സാധ്യത പരിശോധിക്കുന്നത്.

Content Highlights: Online class in Anganwadis, plan under consideration, Covid-19