കൊല്ലം: ഡിജിറ്റൽ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികൾക്ക് പൊതുപഠനകേന്ദ്രങ്ങൾ ഒരുക്കുന്നതിന് വിവരശേഖരണം തുടങ്ങി. കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്താകും തുടർപ്രവർത്തനങ്ങളെന്ന് പറയുമ്പോഴും കോവിഡ് മൂന്നാം തരംഗത്തെപ്പറ്റി ആരോഗ്യവകുപ്പ് നൽകിയ മുന്നറിയിപ്പ് അധ്യാപകർക്കും രക്ഷിതാക്കൾക്കും ആശങ്കയുണ്ടാക്കുന്നുണ്ട്.

ഒരു കുട്ടിയും ഓൺലൈൻ വിദ്യാഭ്യാസത്തിൽനിന്ന് ഒഴിവാകാതിരിക്കാൻ വാർഡ്തലത്തിൽ ഒരു പൊതുപഠനകേന്ദ്രമെങ്കിലും സ്ഥാപിക്കണമെന്നും അവിടെ അധ്യാപകരുടെയോ സന്നദ്ധവിദ്യാഭ്യാസപ്രവർത്തകരുെടയോ സേവനം ഉറപ്പാക്കണമെന്നും സമഗ്രശിക്ഷാ കേരളം സർക്കാരിന് ശുപാർശ നൽകിയിരുന്നു. ഇതേത്തുടർന്നാണ് നോഡൽ ഓഫീസർമാരുടെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചത്.

എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങളുണ്ടെന്ന് ഉറപ്പാക്കിയശേഷമാകും ഈവർഷത്തെ ക്ലാസുകൾ അടുത്തയാഴ്ചയോടെ വിക്ടേഴ്സ് ചാനൽവഴി സംപ്രേഷണം ചെയ്യുക. അധ്യാപക-രക്ഷാകർത്തൃ സമിതി, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികൾ എന്നിവയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഡിജിറ്റൽ ക്ലാസുകൾ ലഭിക്കുന്നെന്ന് ഉറപ്പാക്കുന്നുണ്ട്. ക്ലാസുകൾ കാണുന്നതിന് സൗകര്യമില്ലാത്ത കുട്ടികളുടെ കണക്ക് സ്കൂൾതലത്തിൽ അധ്യാപകരുടെ സഹായത്തോടെ ശേഖരിക്കുന്നുണ്ട്. ക്ലാസുകളുടെ വിലയിരുത്തലും നടക്കുന്നു. ഇതിലൊന്നും പങ്കാളികളല്ലാത്ത കുട്ടികളെയാണ് പൊതുപഠനകേന്ദ്രങ്ങളിലേക്ക് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. മലയോര, തീരദേശ മേഖലകളിലെ കുട്ടികൾക്ക് ഇക്കാര്യത്തിൽ മുൻഗണന നൽകുന്നുണ്ട്.

ഓൺലൈൻ ക്ലാസിൽ നിർദേശിക്കുന്ന പ്രവർത്തനങ്ങൾ നിർവഹിക്കാൻ ഭൂരിഭാഗം വിദ്യാർഥികൾക്കും രക്ഷിതാക്കളുടെയോ അധ്യാപകരുടെയോ സഹായം ആവശ്യമുണ്ട്. ഭിന്നശേഷിക്കാരും വീട്ടിൽ സഹായിക്കാൻ മുതിർന്നവരില്ലാത്തവരുമായ കുട്ടികൾ, ഡിജിറ്റൽ ഉപകരണങ്ങളുടെ കുറവുള്ളവർ എന്നിവർക്ക് പൊതുപഠനകേന്ദ്രങ്ങൾ സഹായമാകുമായിരുന്നു. എന്നാൽ കോവിഡ് മൂന്നാം തരംഗ ഭീഷണിയുള്ളതിനാൽ കുട്ടികളെ പഠനകേന്ദ്രങ്ങളിൽ എത്തിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.

Content Highlights: Online Class, began preparations for public study centers; Covid third wave