തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബിഎസ്​സി കംപ്യൂട്ടർ സയൻസ് പരീക്ഷയിൽ മാർക്ക് തിരിമറി. ഒരു വിദ്യാർഥിക്ക് മാർക്ക് കൂട്ടിനൽകുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് സെക്ഷൻ ഓഫീസറെ സസ്പെൻഡ് ചെയ്തെങ്കിലും വിവരം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണത്തിന് പ്രോ വൈസ് ചാൻസലറെ ചുമതലപ്പെടുത്തി.

ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഒട്ടേറെപ്പേർ ഇത്തരത്തിൽ മാർക്ക് നേടിയെന്നാണ് വിവരം. കംപ്യൂട്ടർ സംവിധാനത്തിൽ ക്രമക്കേട് നടത്തിയാണ് അനധികൃതമായി മാർക്ക് നൽകുന്നത്. സെക്ഷൻ ഓഫീസർമാർക്ക് മാർക്ക് തിരുത്താൻ അനുമതി നൽകിയതാണ് ക്രമക്കേടിന് കാരണം.

ആദ്യമായിട്ടല്ല സർവകലാശാലയിൽ ഇത്തരത്തിൽ മാർക്ക് തട്ടിപ്പ് നടക്കുന്നത്. മുമ്പ് ബി.എസ്​സി. പരീക്ഷയിൽ 380 വിദ്യാർഥികൾക്ക് മാർക്ക് കൂട്ടിനൽകുകയും തോറ്റ 23 പേർക്ക് ബിരുദസർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിരുന്നു. മാർക്ക് കൂട്ടിനൽകുന്നതിന് വിദ്യാർഥികളിൽനിന്ന് ചില ജീവനക്കാർ വലിയ തുക പ്രതിഫലമായി കൈപ്പറ്റുന്നതായും ആക്ഷേപമുണ്ട്.

ബി.എസ്​സി. പരീക്ഷയിൽ തോറ്റ 23 പേർക്ക് ഒരു വർഷംമുമ്പ് നൽകിയ ബിരുദസർട്ടിഫിക്കറ്റുകൾ റദ്ദാക്കാൻ സർവകലാശാല തീരുമാനിച്ചെങ്കിലും അവരുടെ കൈവശമുള്ള സർട്ടിഫിക്കറ്റുകൾ ഇതേവരെ മടക്കിവാങ്ങിയിട്ടില്ല.

ടാബുലേഷൻ സോഫ്റ്റ്വേറിലെ പഴുതുകൾ ഉപയോഗിച്ചാണ് വ്യാപകമായ മാർക്ക് തിരിമറി നടത്തുന്നത്. മുമ്പ് മാനുവലായി മാർക്ക് ടാബുലേറ്റ് ചെയ്തിരുന്നപ്പോൾ മാർക്കിൽ വ്യത്യാസം വരുത്തേണ്ടപ്പോൾ ഡെപ്യൂട്ടി രജിസ്ട്രാർവരെയുള്ള ഉദ്യോഗസ്ഥർ അംഗീകരിച്ച് ഒപ്പുവെക്കുന്ന രീതിയാണ് നടപ്പാക്കിയിരുന്നത്.

എന്നാൽ, കംപ്യൂട്ടർ വഴി മാർക്ക് രേഖപ്പെടുത്തൽ നടപ്പായതോടെ പരീക്ഷാ കൺട്രോളറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാർക്കിൽ മാറ്റംവരുത്താനുള്ള അധികാരം കംപ്യൂട്ടർ സെന്റർ ഡയറക്ടർക്ക് മാത്രമായിരുന്നു. എന്നാൽ, ഈ അധികാരം സെക്ഷൻ ഓഫീസർമാർക്ക് കൈമാറിയതോടെ, മറ്റ് സെക്ഷനിൽ ഉള്ളവർക്ക് അവരുടെ പാസ്വേർഡ് ഉപയോഗിച്ച് ആരുടെ മാർക്കും തിരുത്താൻ കഴിയുന്ന രീതിയിലാണ് സോഫ്റ്റ്വേർ സജ്ജീകരിച്ചിട്ടുള്ളത്.

Content Highlights: Once again Mark scam occurs in Kerala university