പാലക്കാട്: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സര്‍, മാഡം വിളി ഒഴിവാക്കുന്നതുസംബന്ധിച്ച് അഭിപ്രായം തേടാനൊരുങ്ങി ഉന്നതവിദ്യാഭ്യാസവകുപ്പും പൊതുവിദ്യാഭ്യാസവകുപ്പും. സര്‍, മാഡം വിളികള്‍ ലിംഗനീതിക്കും പൗരബോധത്തിനുമെതിരാണെന്ന പരാതിയിന്മേലാണ് ഇരുവകുപ്പുകളും അഭിപ്രായം തേടാനാരുങ്ങുന്നത്.

പാലക്കാട്ടെ പൊതുപ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആവശ്യം സംബന്ധിച്ച് അഭിപ്രായം തേടാന്‍ തീരുമാനിച്ചത്. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് യോഗത്തില്‍ ചര്‍ച്ചചെയ്ത് അധ്യാപക സംഘടനകളുടെ അഭിപ്രായം രേഖപ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി വിഷയം പരിശോധിച്ചുവരികയാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഓഫീസും അറിയിച്ചു. വിഷയം സംബന്ധിച്ച് പരിശോധിക്കണമെന്ന് മന്ത്രി ശിവന്‍കുട്ടിയാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.

പൗരബോധത്തിനും ലിംഗനീതിക്കും അടിത്തറ പാകേണ്ട ഇടങ്ങളാണ് വിദ്യാലയങ്ങളും കോളേജുകളും. ആ സ്ഥാപനങ്ങളിലാണ് ആണ്‍പെണ്‍ വേര്‍തിരിവിന്റെ സര്‍മാഡം വിളി മുഴങ്ങുന്നതെന്നും പരാതിയില്‍ ബോബന്‍ മാട്ടുമന്ത ചൂണ്ടിക്കാണിച്ചു.

'ടീച്ചര്‍' എന്ന പൊതുപദം ഉപയോഗിക്കുന്നതിലൂടെ ലിംഗനീതി ഉറപ്പുവരുത്താന്‍ കഴിയുമെന്നും പരാതിയില്‍ പറയുന്നു. കോളേജുകളിലെ സര്‍, മാഡം വിളികള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ചിറ്റൂര്‍ കോളേജിലെ അധ്യാപകന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനോടകം കൊടുമ്പ് ഓലശ്ശേരി സീനിയര്‍ ബേസിക് സ്‌കൂളില്‍ സര്‍, മാഡം വിളി ഒഴിവാക്കിയിട്ടുണ്ട്.