തൃശ്ശൂര്‍: ഇപ്പോള്‍ മൂല്യനിര്‍ണയം നടക്കുന്ന 10, 12 പരീക്ഷകളില്‍ എ പ്ലസ്സുകാരുടെ എണ്ണം കുതിക്കുന്നതായി വിവരം. ഇതേത്തുടര്‍ന്ന്, സെപ്റ്റംബറില്‍ നടക്കാന്‍ പോവുന്ന പ്ലസ് വണ്‍ പരീക്ഷയ്ക്ക് മാര്‍ക്കിന്റെ കാര്യത്തിലെ ഉദാര സമീപനം കുറച്ചു.

കഴിഞ്ഞ രണ്ട് പൊതുപരീക്ഷകളിലും നല്‍കിയ ഇരട്ടി മാര്‍ക്കിന്റെ ചോദ്യം ഉണ്ടാവുമെങ്കിലും നിശ്ചിത മാര്‍ക്കിനപ്പുറം കുട്ടിക്ക് എഴുതാനാവില്ല. കഴിഞ്ഞ പരീക്ഷകളില്‍ എഴുതുന്ന എല്ലാ ചോദ്യത്തിനും മാര്‍ക്കിടുന്ന രീതിയാണ് സ്വീകരിച്ചത്.

ഇപ്പോള്‍ മൂല്യനിര്‍ണയം നടക്കുന്ന 10, 12 പൊതു പരീക്ഷകളില്‍ കുട്ടികള്‍ക്ക് വലിയ തോതിലാണ് മാര്‍ക്കുകള്‍ കിട്ടുന്നത്. മുഴുവന്‍ മാര്‍ക്കും കിട്ടിയവരുടെയും എ പ്ലസ് കിട്ടിയവരുടെയും എണ്ണം സര്‍വകാല റെക്കോര്‍ഡിലേക്ക് പോകുമെന്നാണ് ക്യാമ്പുകളില്‍നിന്ന് വിദ്യാഭ്യാസവകുപ്പിന് കിട്ടിയിരിക്കുന്ന റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ മിടുക്കരായവരും ശരാശരിക്കാരും ഒരേ പോലെ എത്തുന്ന സ്ഥിതിയാവും ഉണ്ടാവുക.

ഉദാഹരണമായി പ്ലസ് ടു ഫിസിക്‌സിന് 60 മാര്‍ക്കിന്റെ പരീക്ഷയാണ്. നല്‍കിയത് 120 മാര്‍ക്കിന്റെ ചോദ്യം. കുട്ടിക്ക് 120 മാര്‍ക്കിന്റേതും എഴുതാം. അതെല്ലാം മൂല്യനിര്‍ണയം നടത്തും. ഇത്തരം അവസരം കിട്ടിയപ്പോഴാണ് ശരാശരിക്കാരായ കുട്ടികള്‍ പോലും മുഴുവന്‍ മാര്‍ക്കിലേക്കോ 54 എന്ന എ പ്ലസ്സ് മാര്‍ക്കിലേക്കോ എത്തിയത്. ഫോക്കസ് ഏരിയ നിശ്ചയിച്ചുകൊടുത്തത് കുട്ടികള്‍ക്ക് കൂടുതല്‍ എളുപ്പവുമായി. എസ്.എസ്.എല്‍.സി.ക്കും സമാനമായ സ്ഥിതിയാണ്. തോല്‍ക്കാന്‍ പ്രയാസമുള്ള പരീക്ഷകളായിരുന്നു നടന്നത് എന്ന് വിശേഷിപ്പിക്കാം.

എന്നാല്‍, അന്ന് എടുത്ത തീരുമാനം പാളിപ്പോയി എന്നതാണ് പ്ലസ് വണ്‍ പരീക്ഷയ്ക്ക് ചോദ്യപ്പേപ്പര്‍ തയ്യാറാക്കാന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശത്തില്‍നിന്ന് മനസ്സിലാവുന്നത്. 60 മാര്‍ക്കിന്റെ പരീക്ഷയ്ക്ക് ചോദ്യം 120 മാര്‍ക്കിന്റേതായിരിക്കും. എന്നാല്‍, 60 മാര്‍ക്കിനപ്പുറം എഴുതാന്‍ കഴിയില്ല. സ്‌കൂള്‍പോലും കാണാത്ത കുട്ടികളാണ് ഇപ്പോള്‍ പ്ലസ് വണ്‍ പരീക്ഷ എഴുതാന്‍ പോവുന്നവര്‍. അവര്‍ക്ക് കഴിഞ്ഞ തവണത്തെ പോലെ ഉദാരസമീപനം നല്‍കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.യുടെ അധ്യാപക സംഘടന മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

Content Highlights: Number of A plus holders increase in 10, 12 classes, plus one moderation decreased