കൊച്ചി: നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസി (നുവാല്‍സ്) ന്റെ പതിനഞ്ചാമതു  ബിരുദദാന ചടങ്ങ് ജനുവരി എട്ടിന് രാവിലെ 11-ന് കളമശ്ശേരി നുവാല്‍സ് കാമ്പസിൽ നടക്കും.

കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു ബിരുദദാനം നിര്‍വഹിക്കും. നുവാല്‍സ് ചാന്‍സലര്‍ കൂടിയായ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും നുവാല്‍സ് പ്രൊ ചാന്‍സലറുമായ ഡോ. ആര്‍. ബിന്ദു പ്രത്യേക പ്രഭാഷണം നടത്തും.

സംസ്ഥാന നിയമ മന്ത്രി പി. രാജീവ്, ഹൈബി ഈഡന്‍ എം.പി. എന്നിവര്‍  പങ്കെടുക്കും . ബി.എ. എല്‍.എല്‍.ബി. പാസ്സായ 127 വിദ്യാര്‍ഥികള്‍ക്കും എല്‍എല്‍.എം. പാസ്സായ 53 പേര്‍ക്കും പിഎച്ച്.ഡി. കഴിഞ്ഞ അഞ്ചു പേര്‍ക്കുമാണ് ഡിഗ്രികള്‍ നല്‍കുക. കൂടാതെ മികച്ച കുട്ടികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണമെഡലുകള്‍ മുഖ്യാതിഥി വിതരണം ചെയ്യും. വൈസ് ചാന്‍സലര്‍ ഡോ കെ.സി. സണ്ണി സ്വാഗതം ആശംസിക്കും.