ന്യൂഡല്‍ഹി: ജെ.ഇ.ഇ. മെയിന്‍ 2021 മാര്‍ച്ച് സെഷന്‍ ഫലം (ബി.ഇ., ബി.ടെക്.) പ്രസിദ്ധീകരിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ). മാര്‍ച്ച് 16 മുതല്‍ 18 വരെ നടത്തിയ പരീക്ഷയുടെ ഫലമാണിപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആകെ 6,19,638 വിദ്യാര്‍ഥികളാണ് പേപ്പര്‍ ഒന്നിനായി രജിസ്റ്റര്‍ ചെയ്തത്.

13 വിദ്യാര്‍ഥികള്‍ 100 പെര്‍സെന്റൈല്‍ സ്‌കോര്‍ നേടി. 99.952 പെര്‍സെന്റൈല്‍ സ്‌കോര്‍ നേടിയ സി. ശ്രീഹരിയാണ് കേരളത്തില്‍ ഒന്നാമന്‍. jeemain.nta.nic.in എന്ന വെബ്‌സൈറ്റ് വഴി ലോഗിന്‍ ചെയ്ത് വിദ്യാര്‍ഥികള്‍ക്ക് വ്യക്തിഗത സ്‌കോര്‍ പരിശോധിക്കാം. 

ഇന്ത്യയ്ക്ക് പുറത്തെ 12 നഗരങ്ങളിലുള്‍പ്പെടെ 792 കേന്ദ്രങ്ങളിലായാണ് ജെ.ഇ.ഇ മെയിന്‍ മാര്‍ച്ച് സെഷന്‍ പരീക്ഷ നടന്നത്. ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്ക് പുറമേ 11 പ്രാദേശിക ഭാഷകളിലും ഇത്തവണ പരീക്ഷ നടന്നു. 

ഏപ്രില്‍, മേയ് മാസങ്ങളിലും എന്‍.ടി.എ ജെ.ഇ.ഇ മെയിന്‍ പരീക്ഷ നടത്തുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഈ നാല് പരീക്ഷകളുമെഴുതാം. ഇതില്‍ മികച്ച സ്‌കോറായിരിക്കും എന്‍ജിനിയറിങ് പ്രവേശനത്തിനായി പരിഗണിക്കുക. 

Content Highlights: NTA published JEE Main March Session results