ന്യൂഡൽഹി: കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജെ.ഇ.ഇ മെയിൻ മേയ് സെഷൻ പരീക്ഷ മാറ്റിവെച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). മേയ് 24 മുതൽ 28 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവെച്ചിരിക്കുന്നത്.

'കോവിഡ്-19 രോഗബാധ വർധിക്കുന്ന നിലവിലെ സാഹചര്യത്തിൽ വിദ്യാർഥികളുടെ സുരക്ഷയെക്കരുതി ജെ.ഇ.ഇ മെയിൻ പരീക്ഷ മാറ്റിവെക്കുന്നു. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങളറിയാൻ വിദ്യാർഥികൾ എൻ.ടി.എ. ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം'- കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്റിയാൽ ട്വിറ്ററിലൂടെ അറിയിച്ചു.

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ജെ.ഇ.ഇ. മെയിൻ ഏപ്രിൽ സെഷൻ പരീക്ഷയും എൻ.ടി.എ. മാറ്റിവെച്ചിരുന്നു. ഈ വർഷം മുതലാണ് വർഷത്തിൽ നാലു തവണയായി ജെ.ഇ.ഇ. മെയിൻ പരീക്ഷ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ആറ് ലക്ഷത്തോളം വിദ്യാർഥികളാണ് ജനുവരിയിലും ഫെബ്രുവരിയിലും നടന്ന ആദ്യ രണ്ട് സെഷൻ പരീക്ഷകളെഴുതിയത്.

Content Highlights: NTA postpones JEE Main may session due to covid-19