ന്യൂഡല്‍ഹി: കോവിഡ്-19 രോഗബാധയെത്തുടര്‍ന്ന് രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിവിധ പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ). കൊറോണ വൈറസിനെത്തുടര്‍ന്ന് പല വിദ്യാര്‍ഥികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി.   

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് (എന്‍.സി.എച്ച്.എം) ജെ.ഇ.ഇ, ഇഗ്നോ എന്‍ട്രന്‍സ്, ഐ.സി.എ.ആര്‍ എന്‍ട്രന്‍സ്, ജെ.എന്‍.യു എന്‍ട്രന്‍സ്, ആള്‍ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് തുടങ്ങിയ പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതിയാണ് നീട്ടിയത്.  

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് (എന്‍.സി.എച്ച്.എം) ജെ.ഇ.ഇ, ഇഗ്നോ എന്‍ട്രന്‍സ്, ഐ.സി.എ.ആര്‍ എന്‍ട്രന്‍സ്, ജെ.എന്‍.യു എന്‍ട്രന്‍സ് തുടങ്ങിയ പരീക്ഷകള്‍ക്കെല്ലാം മേയ് 15 വരെ അപേക്ഷിക്കാം. നേരത്തെയിത് ഏപ്രില്‍ 30 വരെയായിരുന്നു. ആള്‍ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സിന് ജൂണ്‍ അഞ്ച് വരെ അപേക്ഷിക്കാം. നേരത്തെയിത് മേയ് 31 വരെയായിരുന്നു. 

നിശ്ചിത ദിവസം വൈകിട്ട് നാലുമണി വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. രാത്രി 11.50 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. കൂടുതല്‍ വിവരങ്ങളറിയാന്‍ nta.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. 

Content Highlights: NTA Extended application date for various entrance exams, covid-19, lockdown