കല്പറ്റ: ലോക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം നടക്കാനിരിക്കുന്ന പത്താംക്ലാസ്, ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ മുഖാവരണങ്ങളുടെ നിര്‍മാണം ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം വൊളന്റിയര്‍മാര്‍ ഏറ്റെടുത്തു.

പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് രോഗബാധയേല്‍ക്കാതിരിക്കാന്‍ എന്‍.എസ്.എസ്. സംസ്ഥാനമൊട്ടാകെ നടത്തുന്ന മുഖാവരണ ചലഞ്ചിന്റെ ഭാഗമായാണ് നിര്‍മാണം. ജില്ലയില്‍ അമ്പതിനായിരത്തോളം മുഖാവരണങ്ങളാണ് എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍ നിര്‍മിക്കുക.

ചലഞ്ചിന്റെ ഭാഗമായി ഓരോ വൊളന്റിയറും കുറഞ്ഞത് പത്ത് മുഖാവരണമാണ് തുന്നി നല്‍കുക. കോട്ടണ്‍ തുണികൊണ്ടുള്ള പുനരുപയോഗിക്കാന്‍ കഴിയുന്ന മുഖാവരണമാണ് നിര്‍മിക്കുന്നത്. ഒരു കോട്ടണ്‍ മുഖാവരണത്തിന് പത്ത് രൂപയോളമാണ് ചെലവ് വരുന്നത്.

വൊളന്റിയര്‍മാര്‍ തന്നെയാണ് മുഖാവരണമുണ്ടാക്കാന്‍ ആവശ്യമായ തുക കണ്ടെത്തുന്നതും. പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് മുഖാവരണം സൗജന്യമായി നല്‍കും. മേയ് അഞ്ചിനകം മുഖാവരണ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എന്‍.എസ്.എസ്. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്. ശ്യാല്‍ പറഞ്ഞു.

Content Highlights: NSS volunteers preparing masks for those writing public exams