തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ 2018 വര്‍ഷം ബിരുദ കോഴ്‌സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോള്‍ പകുതി ഫീസ് മതി. പഠനക്കുറിപ്പുകളും സമ്പര്‍ക്ക ക്ലാസുകളും യഥാസമയം നല്‍കാന്‍ കഴിയാത്തതിന്റെ പ്രായശ്ചിത്തമെന്ന നിലയ്ക്കാണ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റിന്റെ വിദൂരവിദ്യാഭ്യസ വിഭാഗം സ്ഥിരസമിതിയുടെ തീരുമാനം. 36,000 വിദ്യാര്‍ഥികള്‍ക്ക് സഹായമാകുന്നതാണ് നടപടി.

ബിരുദപരീക്ഷകള്‍ തുടങ്ങിയിട്ടും പഠനോപാധികള്‍ നല്‍കാത്തതിലും വൈകി നല്‍കുന്നതിലും വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ട്യൂഷന്‍ ഫീസിനത്തില്‍ അടച്ച തുക  തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ. പ്രവര്‍ത്തകരും കഴിഞ്ഞദിവസം സമരം നടത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ഇനിമുതല്‍ വിദ്യാര്‍ഥികള്‍ രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ത്തന്നെ രജിസ്റ്റര്‍ നമ്പര്‍ അടിസ്ഥാനത്തില്‍ പുസ്തകങ്ങള്‍ അച്ചടി തുടങ്ങുമെന്ന് സ്ഥിരംസമിതി കണ്‍വീനര്‍ യൂജിന്‍ മൊറേലി പറഞ്ഞു.

Content Highlights: Notes delayed, Calicut university waives fees