തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയിലെ അനധ്യാപക നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ച് വഴി നടത്താന്‍ തീരുമാനം.

അധ്യാപക നിയമനങ്ങള്‍ 2018-ലെ യു.ജി.സി. ചട്ടങ്ങള്‍ പ്രകാരം നടത്താനും വെള്ളിയാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. പി.എസ്.സി.യെ മറികടന്ന് കരാര്‍ അടിസ്ഥാനത്തില്‍ കൂട്ടനിയമനം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് വിവാദമായിരുന്നു.

14 തസ്തികകളിലായി 109 പേരെ നിയമിക്കാനാണ് ഉന്നത വിദ്യാഭ്യാസവകുപ്പ് ഉത്തരവിട്ടത്. 2016 മുതല്‍ അസിസ്റ്റന്റ്, കംപ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികകളില്‍ പി.എസ്.സി. വഴിയാണ് നിയമനം.

മറ്റുചില അധ്യാപക തസ്തികകളിലേക്ക് പി.എസ്.സി. നിയമന നടപടികള്‍ തുടങ്ങിയിട്ടുമുണ്ട്. ഇതിനിടെ, താത്കാലിക നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തണമെന്ന വ്യവസ്ഥ ലംഘിച്ച് നേരിട്ട് നിയമനം നടത്താനുള്ള നടപടികള്‍ ആരംഭിച്ചു. അത് വിവാദമായി.

തുടര്‍ന്നാണ് വി.സി. ഡോ. മുബാറക് പാഷയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം അനധ്യാപക നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്താന്‍ തീരുമാനിച്ചത്.

Content Highlights: non teaching employee appointments in sreenarayana open university