ന്യൂഡൽഹി: കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം കേന്ദ്രീയ വിദ്യാലയത്തിൽ പുതിയ അധ്യാപക നിയമനങ്ങൾ നടന്നിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാൽ. എന്നാൽ ജവഹർ നവോദയ വിദ്യാലയങ്ങളിൽ 572 പുതിയ അധ്യാപക നിയമനങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം ലോക്സഭയിൽ വ്യക്തമാക്കി.

കേന്ദ്രീയ വിദ്യാലയങ്ങളിൽ ആകെ 40,662 അധ്യാപകരും ജവഹർ നവോദയ വിദ്യാലയത്തിൽ 11,808 അധ്യാപകരുമാണ് നിലവിലുള്ളത്. പുതിയ കേന്ദ്രീയ വിദ്യാലയങ്ങളും നവോദയ വിദ്യാലയങ്ങളും അനുവദിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് കേന്ദ്ര സർക്കാർ മന്ത്രാലയങ്ങൾ, ഡിപ്പാർട്ട്മെന്റുകൾ/സംസ്ഥാന സർക്കാർ/കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയിൽ നിന്ന് ആവശ്യമായ സ്ഥലം, സ്കൂൾ നിർമാണത്തിനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന സൗകര്യങ്ങൾ എന്നിവ ലഭിക്കുന്ന മുറയ്ക്ക് പ്രെപ്പോസലുകൾ വിളിച്ച് മാത്രമേ നടപ്പാക്കുവെന്നും അദ്ദേഹം മറുപടി നൽകി.

2014 മേയ് 31-നാണ് തമിഴ്നാട്ടിലൊഴികെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും ഓരോ ജില്ലകളിലും ജവഹർ നവോദയ വിദ്യാലയം സ്ഥാപിക്കാനുള്ള തീരുമാനം കേന്ദ്രമെടുത്തതെന്നും അദ്ദേഹം അറിയിച്ചു.

Content Highlights: No teacher recruitment in kendriya vidyalaya due to covid-19 says education minister