തൃശ്ശൂർ: അമ്പത്തിമൂന്ന് വർഷമായി സംസ്ഥാനത്തെ എയ്‌ഡഡ് സ്കൂളുകൾക്ക് നൽകി വന്നിരുന്ന അറ്റകുറ്റപ്പണിക്കുള്ള ഗ്രാന്റ് ഇക്കുറി നഷ്ടമായി. സാമ്പത്തികവർഷം തീരുന്നതിന് രണ്ടുദിവസം മുമ്പ് ഉത്തരവ് ഇറക്കിയെങ്കിലും വിശദമായ ഓഡിറ്റ് രേഖ നൽകാൻ സമയം കിട്ടാത്തതാണ് സ്കൂളുകൾക്ക് പണം നഷ്ടപ്പെടാൻ കാരണമായത്. ഏപ്രിലിനുശേഷം ഈ പണം അനുവദിക്കണമെങ്കിൽ സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കണം.

സ്കൂളിലെ കുട്ടികളുടെ എണ്ണമാണ് പണം അനുവദിക്കുന്നതിനുള്ള മാനദണ്ഡമാക്കിയിരിക്കുന്നത്. എൽ.പി., യു.പി. സ്കൂളുകൾക്ക് കുട്ടിയൊന്നിന് 1.25 രൂപയും ഹൈസ്കൂളുകൾക്ക് അഞ്ചു രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. എൽ.പി., യു.പി.ക്ക് 30,000 രൂപയും ഹൈസ്കൂളുകൾക്ക് 40,000 രൂപയും ഹയർസെക്കൻഡറിക്ക് 60,000 രൂപയും പരമാവധി തുക നിശ്ചയിച്ചിട്ടുമുണ്ട്.

എല്ലാ വർഷവും ജനുവരിയിലാണ് ഗ്രാന്റിനുള്ള അപേക്ഷ സ്കൂൾ മാനേജർമാരിൽനിന്ന് വാങ്ങുന്നത്. മാർച്ച് ആദ്യ ആഴ്ച പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് എല്ലാ എ.ഇ.ഒ. മാർക്കും ഡി.ഇ.ഒ. മാർക്കും കിട്ടിയിരുന്നു. പിന്നീട് മാർച്ച് 31-നകം സ്കൂളുകൾ റിപ്പോർട്ട് നൽകി പണം കൈപ്പറ്റുകയാണ് ചെയ്തുവന്നിരുന്നത്.

എന്നാൽ, ഇക്കുറി ജനുവരിയിൽത്തന്നെ അപേക്ഷകൾ വാങ്ങിയെങ്കിലും മാർച്ച് ആദ്യ ആഴ്ച പണം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് വന്നില്ല.

Content Highlights: No renovation grand for aided schools